Monday, October 22, 2012

പാചകവാതക വിതരണം: നിലവിലെ സ്ഥിതി തുടരണം- പിണറായി

കല്‍പ്പറ്റ: പാചകവാതക വിതരണത്തില്‍ നിലവിലുള്ള സ്ഥിതി തുടരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കള്‍ വാങ്ങി സബ്‌സിഡി ബാങ്ക്‌വഴി നല്‍കാമെന്ന നിര്‍ദേശം പ്രായോഗികമല്ല. എന്‍ജിഒ യൂണിയന്‍ വയനാട് ജില്ലാകമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് കല്‍പ്പറ്റയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാചകവാതക വിതരണം അട്ടിമറിച്ച് ജനങ്ങളെ കഷ്ടപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഷത്തില്‍ ആറ് സിലിണ്ടര്‍ മാത്രമേ സബ്‌സിഡിയോടെ നല്‍കൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇത് നടപ്പായാല്‍ വീടുകളില്‍ എങ്ങനെയാണ് പാചകം ചെയ്യുക. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യം മൗനം പാലിച്ചു. കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഒമ്പതാക്കാം എന്ന് പറഞ്ഞത്. എന്നാല്‍ ഇത് നടപ്പാക്കുന്നത് എങ്ങനെയെന്ന് പറഞ്ഞിട്ടില്ല. സബ്‌സിഡിയോടെതന്നെ പാചകവാതകം വിതരണംചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൊതു ഉടമസ്ഥതയിലുള്ള എല്ലാത്തിനോടും കേന്ദ്രസര്‍ക്കാരിന് അലര്‍ജിയാണെന്ന് പിണറായി പറഞ്ഞു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, പൊതുമേഖല വ്യവസായങ്ങള്‍ എന്നുവേണ്ട എല്ലാത്തിന്റേയും ഓഹരി വിറ്റഴിക്കുക എന്ന ലക്ഷ്യം മാത്രമേ സര്‍ക്കാരിനുള്ളു. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കവര്‍ന്നെടുക്കുന്നത് സര്‍വീസ് മേഖലയില്‍ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. മുതലാളിത്തത്തിന്റെ കുഴപ്പം പരിഹരിക്കാന്‍ ജീവനക്കാരുടെ പെന്‍ഷനെ ഇല്ലാതാക്കുകയാണ്. മുതലാളിത്ത പ്രതിസന്ധിയെ ഇല്ലാതാക്കാനുള്ള മാര്‍ഗമായാണ് ലോക മുതലാളിത്തം പെന്‍ഷന്‍ ഫണ്ട് ഉള്‍പ്പെടെയുള്ളവ ഓഹരി കമ്പോളത്തിലേക്ക് മാറ്റുന്നത്. ഇത് അതേപടി അനുസരിക്കുകയാണ് ഇന്ത്യയും. ഇതിന്റെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് തൊഴില്‍രഹിതരായ യുവാക്കളുടെ സ്വപ്‌നം ഇല്ലാതാക്കുന്നത്- പിണറായി പറഞ്ഞു.

Sunday, September 2, 2012

ആനയെ പേടിക്കണം എന്നാല്‍ .......

ഈ മന്ത്രിയെന്താ മാടമ്പിയാണോ? ചോദ്യം വയനാട്ടിലെ കഥയറിയാതെ ആട്ടം കാണുന്ന പാവം ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്. സത്യസന്ധതയോടെ പ്രവര്‍ത്തിച്ച വനം ഉദ്യോഗസ്ഥരെ നാടുകടത്തിയത് സര്‍ സിപി ചെയ്തതിനേക്കാള്‍ ക്രൂരതയോടെയാണ്. ആദ്യം താക്കോലുമായി പാലക്കാടേക്ക് വരാന്‍ ഉത്തരവിടുക. പിന്നീട് തിരിച്ചുപോകാന്‍ പറഞ്ഞ് അടുത്തദിവസം തിരുവനന്തപുരത്തേക്ക് മാറ്റുക. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ സര്‍. വയനാടന്‍ കാടിനരികില്‍ കഴിയുന്നവര്‍ കാട്ടാനയെ കാണാത്ത ദിവസങ്ങളുണ്ടാകില്ല. ആനപ്പിണ്ഡവും കാണും. കാട്ടാന നാട്ടിലിറങ്ങുമ്പോള്‍ കര്‍ഷകന്റെ നെഞ്ചിടിപ്പ് ഉയരും. ആനപ്പിണ്ഡം കാണുമ്പോഴും ഇതേ അങ്കലാപ്പ് ഉണ്ടാകും. ആവി പറക്കുന്ന പിണ്ഡം കണ്ടാല്‍ ഉറപ്പാണ് കാട്ടാന അടുത്തെവിടേയോ ഉണ്ട്. ഇതേ അങ്കലാപ്പും വെപ്രാളവുമാണ് വയനാട്ടിലെ വനം ഉദ്യോഗസ്ഥര്‍ക്കും എന്നായിട്ടുണ്ട്. മന്ത്രിയെ പേടിക്കാം, എന്നാല്‍ മന്ത്രിയുടെ കൂട്ടുകാരെയോ?. നാട്ടിലുള്ളവര്‍ വയനാട്ടിലെ കാട്ടില്‍ എത്തിയതാണ് ഇവിടെ ഉദ്യോഗസ്ഥര്‍ക്ക് വിനയായത്. കാട് കാണാന്‍ എത്രപേര്‍ വരുന്നുണ്ട്. അവരെല്ലാം കാടു കാണുന്നു, പോകുന്നു. ഇവിടെ ചില്ലറക്കാരല്ല വന്നത്. വയനാട് വന്യജീവി സങ്കേതം കാണാന്‍ എത്തിയ ചില മന്ത്രി സൃഹൃത്തുക്കളെക്കുറിച്ചും അവരുടെ അപ്രീതിക്ക് പാത്രമായ വനം ഉദ്യോഗസ്ഥരെക്കുറിച്ചുമാണ് ഇവിടെ കഥ. വിഷയം നാട്ടില്‍ പാട്ടാണ്. എത്ര പാടിയാലും എത്ര ചെണ്ട കൊട്ടിയാലും കുലുക്കമില്ലാത്ത മന്ത്രിയാണ് കാടും നാടും ഭരിക്കുന്നത് എന്നതിനാല്‍ ആന കുലുങ്ങിയാലും മന്ത്രിയും കൂട്ടുകാരും കുലുങ്ങില്ല. സ്വന്തമായി ആനയുണ്ടായിരുന്നു എന്നതിനാല്‍ നേരത്തെതന്നെ വന്യമൃഗങ്ങളുമായും ബന്ധമുണ്ട്. പി സി ജോര്‍ജ് കൊമ്പ് കുത്തിക്കാന്‍ പലവട്ടം ശ്രമിച്ചു. സ്വന്തം അച്ഛന്‍ ശ്രമിച്ചു, ഇറങ്ങിപ്പോകാന്‍ പറഞ്ഞു. എന്നിട്ടും കേട്ടഭാവം ഇല്ല. വന്യമൃഗസംരക്ഷകന്‍ എന്നറിയപ്പെടുന്ന വനംവകുപ്പ് ഉദ്യേഗാസ്ഥനോട് രായ്ക്കുരാമനം തിരോന്തരത്തേക്ക് വണ്ടി കയറാന്‍ ആവശ്യപ്പെട്ടത് മന്ത്രിതന്നെ. മന്ത്രിയുടെ കൂട്ടുകാര്‍ വരുമ്പോള്‍ സല്‍ക്കരിക്കേണ്ടെ. അവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കാന്‍ പറ്റിയില്ലേല്‍ അത്തരം ഉദ്യോഗസ്ഥനെ 'ഇരുത്താന്‍' മന്ത്രിക്കറിയാം, (കൂട്ടുകാര്‍ക്കും അറിയാം). താന്‍ വനം ഭരിക്കുമ്പോള്‍ തന്റെ കൂട്ടുകാര്‍ക്ക് താമസിക്കാന്‍ തന്റെ കീഴ്ജീവനക്കാരന്‍ സൗകര്യം ചെയ്തുകൊടുത്തില്ലേല്‍ അയാള്‍ അങ്ങനെ ഉദ്യോഗസ്ഥനായി ഫരിക്കേണ്ട എന്ന് മന്ത്രി തീരുമാനിച്ചാല്‍ ആര്‍ക്കാ കുറ്റം പറയാന്‍ കഴിയ്വാ. അങ്ങനെയുള്ള ഉദ്യോഗസ്ഥന് സ്ഥാനം മന്ത്രി ഭരിക്കാന്‍ ഇരിക്കുന്ന തിരുവനന്തപുരം തന്നെ. തന്റെ കൂട്ടുകാര്‍ക്ക് താമസിക്കാന്‍ തന്റെ കീഴിലുള്ള വകുപ്പിലെ ബംഗ്ലാവില്‍ സൗകര്യം ഇല്ലെങ്കില്‍ 'അവിടെയിനി ആരും താമസിക്കണ്ട', എല്ലാം അടച്ചുപൂട്ടി താക്കോലുമായി അടുത്ത വണ്ടിക്ക് ഇങ്ങോട്ടുവരാന്‍ ഒരു മന്ത്രി പറഞ്ഞുവെങ്കില്‍ അതിലും എന്താണ് തെറ്റ്. മന്ത്രിയാകുന്നയാള്‍ എന്നും മന്ത്രിയാകില്ലാലോ. മന്ത്രിവേഷം അഴിച്ചുവെച്ച് ചായം കളഞ്ഞ് ഇരിക്കുമ്പോള്‍ ഇങ്ങനെ ആജ്ഞാപിക്കാന്‍ കഴിയോ്വ എന്നാണ് വിവരമുള്ളവര്‍ ചോദിക്കുന്നത്. നെല്ലിയാമ്പതി എന്നു കേള്‍ക്കുമ്പോള്‍ മന്ത്രിക്ക് ആവേശം വരുന്നത് 'നായകനാകാനുള്ള മോഹം' കലശലായതുകൊണ്ടാണെന്നും ആക്ഷേപം. സിനിമാമന്ത്രി എന്ന് ഒരു വിപ്പ് കളിയാക്കുമ്പോള്‍ അല്ലെന്ന് തെളിയിക്കാനുള്ള വെപ്രാളം. വാല്‍ക്കഷണം: 'ഇതെന്താ വെള്ളരിക്കാ പട്ടണമാണോ' എന്നാണ് ചില പരിസ്ഥിതി സംഘടനക്കാരുടെ ചോദ്യം. മന്ത്രിക്ക് ഇഷ്ടമുള്ളതല്ലേ വകുപ്പില്‍ ചെയ്യുക, 'അച്ഛനാരാ മോന്‍' എന്ന് പിള്ളയോട് ചോദിക്കണം. അപ്പോള്‍ പറഞ്ഞുതരും വനം മന്ത്രിയുടെ കഴിവ്. നാലാളില്ലാത്ത പാര്‍ടിയാണ്, കാട്ടിലെ ആനകളുടെ എണ്ണമെടുത്താല്‍ ഒരാള്‍ക്ക് ഒരു ആനയെ വീതം നല്‍കിയാലും പിന്നെയും ആനകള്‍ ബാക്കിയാകും എന്നൊന്നും പരിസ്ഥിതിക്കാര്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

Tuesday, February 7, 2012

കടബാധ്യതകളില്‍ എരിയുന്നു ഷേര്‍ളിയുടെ ജീവിതം

കടബാധ്യതകളില്‍ എരിയുന്നു
ഷേര്‍ളിയുടെ ജീവിതം
ഒ വി സുരേഷ്
തൃക്കൈപ്പറ്റ: അഞ്ചുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ തോളത്തിട്ട് കരയുന്ന ഈ യുവതിക്കുമുന്നില്‍ ജീവിതം ഇരുണ്ടതാണ്. ഗള്‍ഫ് സ്വപ്നവും നാട്ടിലെത്തിയപ്പോള്‍ തുടങ്ങിയ കാര്‍ഷികസ്വപ്‌നവും ബാക്കിയാക്കി ഭര്‍ത്താവ് ജീവിതം അവസാനിപ്പിച്ചിട്ട് ദിവസങ്ങളേ ആയുള്ളു. വീട്ടിയാല്‍ തീരാത്തത്രയും കടവും രണ്ട് പിഞ്ചുമക്കളുമായി പണിതീരാത്ത വീട്ടില്‍ പകച്ചുനില്‍ക്കുകയാണ് ഷേര്‍ളി. ബിജു ദേവസ്യ എന്ന യുവകര്‍ഷകന്റെ ആത്മഹത്യസാമ്പത്തിക പ്രയാസം മൂലമാണെന്ന് ആളുകള്‍ അറിയാന്‍ വൈകി. ചരമവാര്‍ത്തപോലും മാധ്യമങ്ങളില്‍ വന്നില്ല. അധികൃതരുടെ കണക്കില്‍ ഈ കര്‍ഷക ആത്മഹത്യയുമില്ല.
സാമ്പത്തികബാധ്യതകള്‍ തീര്‍ത്ത മാനസികപ്രയാസങ്ങളും കരള്‍ രോഗവുമാണ് ബിജു ദേവസ്യ (36)യെ പാലവയലിലെ ആശുപത്രിയില്‍ എത്തിച്ചത്. നാല് ദിവസമേ ഇവിടെ കഴിഞ്ഞുള്ളു. ജനുവരി 20ന് ജീവിതം ഒരുമുഴം കയറില്‍ അവസാനിപ്പിച്ച് ബിജു ബാധ്യതകള്‍ വീട്ടി. മേപ്പാടി പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ കുഴിമക്കില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ റോഡിന് മറുഭാഗത്ത് മൂപ്പൈനാട് പഞ്ചായത്തിലെ ജയ്ഹിന്ദില്‍ ബിജു ദേവസ്യയും ജീവനൊടുക്കി. ആദ്യം നവംബര്‍ ഏഴിന് പുല്‍പ്പറമ്പില്‍ വര്‍ഗീസ് എന്ന രാജുവാണ് ജീവനൊടുക്കിയത്. ജനുവരി 29ന് കര്‍ഷകകുടുംബാംഗമായ ബിജു പീറ്ററും (35) മേപ്പാടി പഞ്ചായത്തില്‍ ജീവനൊടുക്കി.
രണ്ടുഘട്ടമായി 19 മാസം ഗള്‍ഫിലായിരുന്നു ബിജു. ആദ്യംഒന്നരവര്‍ഷം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ നീക്കിയിരിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. നാല് മാസം നാട്ടില്‍നിന്ന് വീണ്ടുംപോയ ബിജു മൂന്നുമാസത്തിനുശേഷം നാട്ടിലെത്തി. കടം കുമിഞ്ഞുകൂടിയ സ്ഥിതിയായിരുന്നു അപ്പോള്‍. കര്‍ഷകര്‍ക്കുള്ള ഭവനവായ്പയായി വൈത്തിരി താലൂക്ക് കാര്‍ഷിക വികസനബാങ്കില്‍നിന്ന് 2009 ല്‍ ഒരുലക്ഷം രൂപ കടമെടുത്തു. പുറമേ തൃക്കൈപ്പറ്റ സര്‍വീസ് സഹകരണബാങ്കില്‍നിന്ന് സ്വര്‍ണം പണയംവെച്ച് 1,64,000 രൂപയും വായ്പയെടുത്തു. പുറമേ നെഹ്‌റു യുവകേന്ദ്രവഴി 30,000 രൂപയും കടമുണ്ട്. കാരാപ്പുഴയില്‍ കുഴിമുക്കില്‍ സ്ഥലം പാട്ടത്തിനെടുത്ത് ആയിരം വാഴ നട്ടിരുന്നു ബിജു. കല്‍പ്പറ്റയില്‍ കോട്ടവയലില്‍ ഒന്നരയേക്കര്‍ പാട്ടഭൂമിയില്‍ ഇഞ്ചികൃഷിയും നടത്തി. ഇതെല്ലാം നഷ്ടത്തിലാകുന്നത് മാനസികപ്രയാസം ഉണ്ടാക്കിയിരുന്നതായി ഷേര്‍ളി പറഞ്ഞു. മുതലും പലിശയും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയാണ് പത്ത് സെന്റ് ഭൂമിയില്‍ പണി പുര്‍ത്തിയാകാത്ത വീട്ടില്‍ കഴിയുന്ന ഷേര്‍ളിയുടെയും മക്കളുടെയും ഇപ്പോഴത്തെ ആസ്തി.
ബിഎ മലയാളസാഹിത്യം പഠനം പാതിവഴിയിലാക്കിയ ഷേര്‍ളി കവിതയും എഴുതുമായിരുന്നു. ബഷീര്‍ കൃതികള്‍ ഇഷ്ടപ്പെടുന്ന ഈ യുവതി വിവാഹത്തോടെ സാഹിത്യവുമായുള്ള ബന്ധവും അവസാനിപ്പിച്ചു. കുറച്ചുകാലം നഴ്‌സറി സ്‌കൂളില്‍ അധ്യാപികയായിരുന്നു. 'രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഉണ്ണിമോളേ (അലിന)യും അഞ്ചുമാസം മാത്രം പ്രായമുള്ള പൊന്നു (അലീസ്റ്റ)വിനേയും വളര്‍ത്തണം. വീടിന്റെ പണി പൂര്‍ത്തിയാക്കണം. അതിനൊരു തൊഴില്‍വേണം. കടം പരിഹരിക്കാന്‍ മാര്‍ഗം വേണം'- ജീവിക്കാന്‍ വഴികാണാതെ ഉരുകുമ്പോഴും ഈ മനസ്സില്‍ പ്രതീക്ഷകളുണ്ട്; ഒരുപാട്.

Thursday, January 12, 2012

സി കെ ശശീന്ദ്രന് സിപിഐ എം ജില്ലാസെക്രട്ടറി സ്ഥാനത്ത് ഇത് രണ്ടാംമൂഴം.


ബത്തേരി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെ പൊതുരംഗത്തെത്തി ആദിവാസി- കര്‍ഷകതൊഴിലാളികളുടെ മുന്നണിപോരാളിയായിമാറിയ സി കെ ശശീന്ദ്രന് സിപിഐ എം ജില്ലാസെക്രട്ടറി സ്ഥാനത്ത് ഇത് രണ്ടാംമൂഴം. നഗ്‌നപാദനായി എവിടെയും നിറഞ്ഞുനില്‍ക്കുന്ന സി കെ ശശീന്ദ്രന്‍ നടന്നുകയറിയത് ജില്ലയിലെ ആദിവാസികളും മറ്റുപിന്നോക്ക വിഭാഗങ്ങളും ഉള്‍പ്പെടുന്ന ജനലക്ഷങ്ങളുടെ മനസ്സിലേക്കാണ്. ലാളിത്യവും കറകളഞ്ഞ ആദര്‍ശശുദ്ധിയും അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കുന്നു. വയനാട്ടിലെ പാര്‍ടിയുടെ നായകത്വം ഐക്യകണ്‌ഠേനയാണ് ഇത്തവണയും സികെഎസിനെ ഏല്‍പ്പിച്ചത്.
സിപിഐ എം പനമരം, മുട്ടില്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവന്‍നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനായി 1959ല്‍ പനമരം അരിഞ്ചേര്‍മലയിലാണ് ശശീന്ദ്രന്‍ ജനിച്ചത്. ബത്തേരി സെന്റ് മേരീസ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്എഫ്‌ഐയിലൂടെയാണ് ശശീന്ദ്രന്‍ പൊതുരംഗത്ത് സജീവമാകുന്നത്. വയനാട്ടില്‍ എസ്എഫ്‌ഐയുടെ ജില്ലാസെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഏറെകാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഡിവൈഎഫ്‌ഐയുടെയും ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. 1981ലാണ് സിപിഐ എം അംഗമായ ശശീന്ദ്രന്‍ 1988ലാണ് ജില്ലാകമ്മിറ്റിയംഗമാകുന്നത്. സിപിഐ എം കല്‍പ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടില്‍ ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
വയനാട്ടില്‍ പാര്‍ടിയുടെ കരുത്ത്‌വര്‍ധിപ്പിച്ച ആദിവാസി ഭൂസമരങ്ങളുടെ നേതൃത്വം വഹിച്ചത് കെഎസ്‌കെടിയു നേതവായിരുന്ന എ കണാരനൊപ്പം സി കെ ശശീന്ദ്രനായിരുന്നു. അത്യുജ്ജ്വലമായ ആദിവാസി സമരത്തിനാണ് ഇക്കാലത്ത് വയനാട് വേദിയായത്. ജീവിക്കാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ നരകയാതന അനുഭവിച്ചിരുന്ന ആയിരക്കണക്കിന് ആദിവാസികളെ സി കെ ശശീന്ദ്രന്‍ ആദിവാസി ക്ഷേമസമിതിക്കുകീഴില്‍ അണിനിര്‍ത്തുന്ന കാഴ്ചയാണ് വയനാടന്‍ മലമടക്കുകളില്‍ ദര്‍ശിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ ജയിലുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ആദിവാസികളെയും നേതാക്കളെയും അടച്ചു. സമരത്തിന്റെ ഫലമെന്നോണം ജില്ലയിലെ പലഭാഗത്തും എകെഎസ് നേതൃത്വത്തില്‍ കോളനികളുണ്ടാവുകയും കൃഷിയിലൂടെ പുതുജീവിതം ആദിവാസികള്‍ക്ക് ലഭ്യമാവുകയും ചെയ്തു.
വയനാട്ടില്‍ അടുത്തകാലത്ത് ഏറെ ചര്‍ച്ചയായ ഭൂസമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത് സി കെ ശശീന്ദ്രന്‍ തന്നെയായിരുന്നു. ജനപക്ഷത്തിന് നിന്ന് ന്യായത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുക്കുന്ന ശശീന്ദ്രന്‍ എതിരാളികളുടെ ഒടുക്കാനാവാത്ത ശത്രുതക്കാണ് ഇരയാകേണ്ടിവന്നത്. ജില്ലയിലെ പല ഉദ്യോഗസ്ഥരും ഈ 'പ്രതിഷേധച്ചൂട്' നേരിട്ടറിഞ്ഞവരാണ്. ഇതിന്റെ ഭാഗമെന്നോണം നിരവധി കള്ളക്കേസുകളും ശശീന്ദ്രന്റെപേരില്‍ ചുമത്തപ്പെട്ടു. ജയില്‍വാസവുമുണ്ടായി. നിരപരാധിയെന്ന് കണ്ട് കോടതി വിട്ടയച്ച കേസുകളും നിരവധിയാണ്. അതുകൊണ്ടുതന്നെയാണ് ഭിന്നരാഷ്ട്രീയ പ്രവര്‍ത്തകരിലും സി കെ ശശീന്ദ്രന് സ്വീകാര്യതയുള്ളത്.

നെല്‍വയല്‍ ഒരുക്കാന്‍ ഇനി സുബ്ബയ്യനില്ല


പുല്‍പ്പള്ളി: പാക്കം പാലന്‍ചോലയിലെ വഴികളെല്ലാം വെങ്കിട സുബ്ബയ്യന്റെ വീട്ടിലേക്കായിരുന്നു. കാര്‍ഷിക കടക്കെണിയുണ്ടാക്കിയ മാനസിക പ്രയാസത്തില്‍ ജീവനൊടുക്കിയ ഈ കര്‍ഷകന്റെ ജീവിതദുരിതം അറിയാവുന്നവരായിരുന്നു അവരിലേറെയും. പൊട്ടിപ്പൊളിഞ്ഞുവീഴാറായ വീട്ടിനുള്ളില്‍നിന്ന് ഭാര്യയുടെയും മകളുടെയും നിലവിളികള്‍ ഒടുങ്ങുന്നില്ല. കിളച്ചുതുടങ്ങിയ വയലിന്റെ കരയിലാണ് സുബ്ബയ്യന്റെ വീട്. ഈനെല്‍വയല്‍ ഇനി സുബ്ബയ്യന്റെ അധ്വാനശേഷിയറിയില്ല.
വ്യാഴാഴ്ച പകലാണ് വെങ്കിട സുബ്ബയ്യനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കാനറാ ബാങ്കിന്റെ പുല്‍പ്പള്ളി ശാഖയില്‍നിന്ന് ഭാര്യ സരോജിനിയുടെ പേരില്‍ 2009 ഡിസംബര്‍ 30ന് 25,000 രൂപ കാര്‍ഷിക വായ്പയെടുത്തിരുന്നു. കിടപ്പാടവും കൃഷിചെയ്യുന്ന വയലുമുള്‍പ്പെടെ ഒരേക്കര്‍ സ്ഥലമാണ് ഈ കുടുംബത്തിനുള്ളത്. ഇതാകട്ടെ സരോജിനിക്ക് കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതുമാണ്. രണ്ടുവര്‍ഷമായി വായ്പയെടുത്തിട്ടെങ്കിലും ഇതുവരെ തിരിച്ചടച്ചിട്ടില്ല. വ്യക്തികള്‍ക്കായി ഒരുലക്ഷത്തോളം രൂപ തിരിച്ചുനല്‍കാനുണ്ട്.
വയലില്‍ വര്‍ഷത്തില്‍ രണ്ടുതവണ നെല്‍കൃഷിചെയ്യാറുണ്ടെന്ന് മകന്‍ അനില്‍ പറഞ്ഞു. കാട്ടുപന്നി കയറി കൃഷി നശിപ്പിക്കുന്നതിനാല്‍ വില്‍പ്പനയ്ക്കുള്ള നെല്ല് കിട്ടാറില്ല. കിട്ടുന്നത് ഭക്ഷണത്തിന് ഉപയോഗിക്കും. വീടിരിക്കുന്ന സ്ഥലത്ത് കാപ്പിയും കുരുമുളകും ഉണ്ടെങ്കിലും ആദായം ഇല്ല. ഇത്തരം അവസ്ഥയിലാണ് ഈ കുടുംബം പ്രതിസന്ധിയിലായത്. സാമ്പത്തികമായി വല്ലാതെ കഷ്ടപ്പാടിലാണിവരെന്ന് പഞ്ചായത്ത് മെംബര്‍ ലീല കുഞ്ഞിക്കണ്ണനും പറഞ്ഞു. മുളകൊണ്ടുള്ള ചുമരും മണ്ണിന്റെ തറയും പ്ലാസ്റ്റിക് ഷീറ്റിട്ട മേല്‍ക്കൂരയും ഈ കര്‍ഷകകുടംബത്തിന്റെ വീടിന്റെ സ്ഥിതിയിതാണ്. ഇ എം എസ് ഭവന പദ്ധതിയില്‍ പുല്‍പ്പള്ളി പഞ്ചായത്ത് വീടിന് തുക അനുവദിച്ചിരുന്നുവെങ്കിലും അതുപയോഗിച്ചുമാത്രം വീടുണ്ടാക്കാന്‍ സാധിക്കില്ല എന്നതിനാല്‍ അവര്‍ തുക വാങ്ങിയില്ല- തൊട്ടടുത്ത വാര്‍ഡിലെ മെംബര്‍ ഇ എ ശങ്കരനും പറഞ്ഞു.
കാര്‍ഷിക കടക്കെണിയുടെ മറ്റൊരു ദുരന്തചിത്രമാണ് ഈ കുടുംബം പറഞ്ഞുതരുന്നത്. വെളളിയാഴ്ച വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് വെങ്കിട സുബ്ബയ്യന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. നാട്ടുകാര്‍ പിരിവെടുത്താണ് സംസ്‌കാരച്ചടങ്ങിനുള്ള തുക കണ്ടെത്തിയത്.

Thursday, October 27, 2011

കൃഷ്ണഗിരിയില്‍ ക്വാറിക്ക് അനധികൃത എന്‍ഒസി: എഡിഎമ്മിനെതിരെ വിജിലന്‍സ് അന്വേഷണം


സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: കൃഷ്ണഗിരിയില്‍ അനധികൃതമായി ക്വാറിക്ക് ലൈസന്‍സ് നല്‍കിയ വിഷയത്തില്‍ റവന്യൂ വിജലന്‍സ് അന്വേഷണം നടത്തി. കലക്ടര്‍ നല്‍കേണ്ട എന്‍ഒസി അതിനുവിരുദ്ധമായി എഡിഎം നല്‍കിയതാണ് അന്വേഷിക്കുന്നത്. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഉത്തരമേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ റഹ്മത്ത് നസീനാണ് കലക്ടറേറ്റില്‍ റെയ്ഡ് നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടോടെ സമാപിച്ചു. റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം സമര്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
കൃഷ്ണഗിരി വില്ലേജില്‍ 298/1എ സര്‍വേ നമ്പറില്‍ കോര്‍പ്പേലില്‍ കെ സി ഷൈജു കൈവശംവെച്ചുപോരുന്ന 45 സെന്റ് കരനിലത്തില്‍ വീട് നിര്‍മിക്കാന്‍ രണ്ടര സെന്റ് സ്ഥലത്തുനിന്ന് മട്ടിപ്പാറ പൊട്ടിച്ചെടുക്കുന്നതിന് റവന്യൂ വകുപ്പിന് എതിര്‍പ്പില്ലെന്ന സാക്ഷ്യപത്രം ജൂലൈ 16 നാണ് എഡിഎം പി അറുമുഖന്‍ നല്‍കിയത്. ക്വാറി സംബന്ധമായ കാര്യങ്ങളില്‍ എന്‍ഒസി നല്‍കാന്‍ എഡിഎമ്മിന് അധികാരമില്ല. ഷൈജുവിന്റെ അപേക്ഷയില്‍ കലക്ടര്‍ ചിലകാര്യങ്ങള്‍ അന്വേഷിക്കാനുള്ള കുറിപ്പ് എഴുതിവെച്ചിരുന്നു. കലക്ടറുടെ പരിഗണനയിലുള്ള വിഷയമായിരുന്നിട്ടും ആവശ്യമായ അന്വേഷണം നടത്താതെ ധൃതിപിടിച്ച് ഫയലില്‍ ഒപ്പിടുകയും കലക്ടര്‍ നല്‍കേണ്ട സമ്മതപത്രം നല്‍കുകയുംചെയ്തു. ജില്ലാ കലക്ടര്‍ എന്നത് വെട്ടിയാണ് എഡിഎം എന്നെഴുതി ഒപ്പിട്ടത്. ജൂലൈ 19ന് ഇത് ഷൈജു കൈപ്പറ്റി. ഇതുസംബന്ധിച്ച് ജൂലൈ 25ന് 'ദേശാഭിമാനി' റിപ്പോര്‍ട്ടുചെയ്തിരുന്നു.
പാറപൊട്ടിച്ചതിന് കേരള ഭൂസംരക്ഷണ നിയമപ്രകാരം ജൂലൈ 12ന് ഷൈജുവിനെതിരെ കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ നടപടി സ്വീകരിച്ചിരുന്നു. ഇത് നിലനില്‍ക്കെയാണ് 16ന് എഡിഎമ്മിന്റെ എന്‍ഒസി. സ്ഥലത്ത് കണ്ടെത്തിയ 15 ടിപ്പര്‍ മണലും മൂന്ന് ടിപ്പര്‍ മട്ടിപ്പാറയും നേരത്തെ വില്ലേജ് ഓഫീസര്‍ കസ്റ്റഡിയിലെടുത്ത് ലേലംചെയ്യണമെന്നുകാണിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട്‌ചെയ്തതുമാണ്. പത്രവാര്‍ത്തയെത്തുടര്‍ന്ന് കലക്ടര്‍ വി രതീശന്‍ എഡിഎം പി അറുമുഖനോട് വിശദീകരണം തേടുകയും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അയക്കുകയുംചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സെപ്തംബര്‍ 15നാണ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്. രേഖകളെല്ലാം പരിശോധിച്ച വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ നടപടികളില്‍ പൊരുത്തക്കേടുണ്ടെന്ന നിഗമനത്തിലെത്തിയതാണ് അറിയുന്നത്.

Sunday, June 12, 2011

കോണ്‍ഗ്രസ്സ്‌ നേതാവും പ്രചാരകനായി ആര്‍എംപിയും ജില്ലയില്‍നിന്ന്‌ കോടികള്‍ തട്ടി


സ്വന്തം ലേഖകന്‍
കല്‍പറ്റ: മണിച്ചെയിനുകള്‍ക്കെതിരെ പരാതി പ്രവഹിച്ചതിനു പിന്നാലെ പൊലീസ്‌ ശക്തമായ നടപടി തുടങ്ങി. ബിസാറിനു പിന്നാലെ ആര്‍എംപി (റിസോഴ്‌സ്‌ മണി ആന്‍ഡ്‌ പവര്‍)ക്കെതിരെയും പൊലീസ്‌ കേസെടുത്തു. മള്‍ട്ടി നാഷണല്‍ കമ്പനിയായ ആര്‍എംപി ജില്ലയില്‍നിന്ന്‌ കോടികള്‍ തട്ടിയതായാണ്‌ കരുരുതുന്നത്‌. കാര്‍ഷിക മേഖലയായ വയനാടിന്‌ ഭീഷണിയഗായി മാറിയിരിക്കുകയകണ്‌ മണിച്ചെയിനുകളും മറ്റ്‌ സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളും.
5500 രൂപയായിരുന്നു ആര്‍എംപിയിലെ അംഗത്വഫീസ്‌. ഇത്രയും തുക അടച്ചശേഷം രണ്ട്‌ വീതം അംഗങ്ങളെ ചേര്‍ത്താല്‍ ആഴ്‌ചയില്‍ 8000 രൂപ ചെക്കായി ലഭിക്കുമെന്ന്‌ വാഗ്‌ദാനം നല്‍കിയാണ്‌ ആര്‍എംപി ജനങ്ങളെ വലയിലാക്കിയത്‌. ഇപ്പോള്‍ വിദേശത്ത്‌ കഴിയുന്ന ബത്തേരി മൂലങ്കാവ്‌ സ്വദേശിയായ അഭിലാഷ്‌ തോമസാണ്‌ ജില്ലയില്‍ ആര്‍എംപിയെ നയിച്ചത്‌. ഇയാളുടെ വീട്ടില്‍ കഴിഞ്ഞദിവസം ബത്തേരി പോലീസ്‌ റെയ്‌ഡ്‌ നടത്തിയിരുന്നു. ഇടതും വലതുമൊക്കെയായി ധാരാളം ആളുകളെ ചേര്‍ത്ത സാധാരണക്കാരായ കണ്ണികള്‍ക്ക്‌ ആയിരം രൂപപോലും ലഭിച്ചില്ലെന്നതാണ്‌ വാസ്‌തവം. ചെയിന്‍ സംവിധാനമല്ല. വൈറ്റ്‌ മണി ഉപയോഗിച്ച്‌ ബൈനറി സിസ്‌റ്റത്തിലാണ്‌ ആര്‍എംപിയുടെ പ്രവര്‍ത്തനമെന്നൊക്കെ പറഞ്ഞവരുണ്ട്‌.
ആര്‍എംപിയുടെ കണ്ണിയില്‍ ചേര്‍ന്ന്‌ നല്ല ബിസിനസ്സ്‌ നടത്തുന്നവര്‍ക്ക്‌ ഊട്ടി, കൊടൈക്കനാല്‍, മനാലി, പുരി, ജയ്‌സാല്‍മീര്‍ എന്നിവടങ്ങളില്‍ സന്ദര്‍ശനത്തിന്‌ സൗജന്യ ടൂര്‍ പാക്കേജ്‌, സ്റ്റാര്‍ ഹോട്ടലുകളില്‍ താമസവും ഭക്ഷണവും, ആര്‍എംപിയിലെ അംഗങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കംപ്യൂട്ടര്‍ പരിശീലനത്തിന്‌ സൗജന്യ കമ്പ്യൂട്ടര്‍ പാക്കേജും വാഗ്‌ദാനം ചെയ്‌തു. ഇതിനായി ജില്ലയില്‍ ബത്തേരിയിലും നീലഗിരിയില്‍ ഗൂഡലൂരിലും കംപ്യൂട്ടര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ തുടങ്ങിയെങ്കിലും ഇത്‌ തുടക്കത്തിലേ ഒടുങ്ങി. കൂടാതെ ആര്‍എംപിയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും അവകാശം നല്‍കി. കോട്ടും സ്യൂട്ടും ഷൂവുമൊക്കെ അണിഞ്ഞെത്തുന്ന എക്‌സിക്യൂട്ടീവ്‌ വീരന്‍മാരെ വിശ്വസിച്ച്‌ പണം നല്‍കിയവര്‍ പലരും കടക്കെണിയിലേക്ക്‌ ഊളിയിടുന്നതിന്‌ വയനാട്‌ സാക്ഷ്യം വഹിച്ചു. അഭിലാഷ്‌ തോമസും ഇയാളുടെ പദവിക്ക്‌ തൊട്ടുതാഴെയുള്ളവരുമൊക്കെ കോടിപതികളായപ്പോള്‍ സാധാരണക്കാരായ പലരും അടച്ച തുകയ്‌ക്ക്‌ 2000 രൂപപോലും തികച്ച്‌ കിട്ടാതെ വിഷമിച്ചു. 2004 ലാണ്‌ ജില്ലയില്‍ ആര്‍എംപി പിടിമുറുക്കുന്നത്‌. ആംവേയും കോണിബയോയുമൊക്കെ പരാജയപ്പെട്ടപ്പോള്‍ ആര്‍എംപി വളര്‍ച്ച അതിവേഗതയിലായിരുന്നു. പിന്നീട്‌ പണം നഷ്ടമായവരുടെ വിലാപങ്ങളാണ്‌ വയനാട്ടില്‍ മുഴങ്ങിക്കേട്ടത്‌. ഓരോ കാലങ്ങളിലും ആര്‍എംപി ഓരോ ഉല്‍പ്പന്നങ്ങളാണ്‌ മാര്‍ക്കറ്റിങ്ങിന്‌ ഉപയോഗിച്ചിരുന്നത്‌. അപ്പച്ചട്ടി മുതല്‍ കംപ്യൂട്ടര്‍വരെ വില്‍പ്പന നടത്താനും ആര്‍എംപി ഡിസ്‌ട്രിബ്യൂട്ടര്‍മാര്‍ക്ക്‌ അവകാശമുണ്ട്‌.
ആര്‍എംപിയുടെ ജില്ലയിലെ പ്രധാന പ്രചാരകരിലൊരാള്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവായിരുന്നു. ഇടപാടുകാര്‍ക്കായി നടത്തുന്ന യോഗങ്ങളില്‍ ഇദ്ദേഹം സ്ഥിരം അധ്യാപകനുമായിരുന്നു അധികാരസ്ഥാനത്തുള്ള ഇദ്ദേഹം. മാനന്തവാടിയിലെ ഒരു മഹിളാകോണ്‍ഗ്രസ്‌ നേതാവും ഈ പദ്ധതിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.