കല്‍പ്പറ്റ: മാന്വല്‍ പരിഷ്‌കരണം വൈകിയത് ഇക്കുറി സംസ്ഥാനത്തെ സ്‌കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പിനെ ബാധിക്കും. സ്‌കൂള്‍ തലം മിക്കയിടത്തും പൂര്‍ത്തിയായപ്പോള്‍ പുതിയ ഇനങ്ങളും കഴിഞ്ഞദിവസം പുറത്തിറക്കിയ പരിഷ്‌കരിച്ച മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അപ്പീല്‍ ഫീസും കുത്തനെ വര്‍ധിപ്പിച്ചു.
വിദ്യാലയവര്‍ഷം ആരംഭിച്ച് നാല് മാസത്തിനുശേഷമാണ് നടപ്പുവര്‍ഷത്തെ മാന്വല്‍ പരിഷ്‌കരിച്ച്് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ജനുവരിയിലാണ് സംസ്ഥാന കലോത്സവം സാധാരണയായി നടക്കുന്നത്. ഇക്കുറി മലപ്പുറം ജില്ലയിലാണ് കലോത്സവം. സ്‌കൂള്‍ മത്സരങ്ങള്‍ സെപ്തംബറിലും ഉപജില്ല ഒക്‌ടോബറിലും ജില്ലാതല മത്സരങ്ങള്‍ നവംബറിലും നടത്തണമെന്നാണ് പുതിയ മാന്വലിലെ നിര്‍ദേശം. എന്നാല്‍ ഉപജില്ല മത്സരങ്ങള്‍ ഡിസംബറില്‍ നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് പുതിയ മാന്വല്‍ വന്നത്. ഒക്‌ടോബര്‍ മാസം തീരാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു എന്നിരിക്കെ ഉപജില്ല മത്സരം എങ്ങനെ പൂര്‍ത്തീകരിക്കുമെന്നറിയാതെ അങ്കലാപ്പിലാണ് ഉപജില്ല അധികൃതര്‍.
ജില്ലാതല മത്സരങ്ങളുടെ തീയതിയും ഉത്തരവില്‍ പറയുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍- നവംബര്‍ ഒന്നുമുതല്‍ 10 വരെ, കാസര്‍കോട്, വയനാട്, ഇടുക്കി, ആലപ്പുഴ- നവംബര്‍ 11 മുതല്‍ 20 വരെ, കണ്ണൂര്‍, മലപ്പുറം, എറണാകുളം, പത്തനംതിട്ട, കൊല്ലം- നവംബര്‍ 21 മുതല്‍ 30 വരെയുമാണ് നിശ്ചയിച്ചത്. ഉപജില്ല മത്സരങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല. പ്രാദേശിക സംഘാടകസമിതികളും അധ്യാപകരും ചേര്‍ന്നാണ് ആവശ്യമായ തുക കണ്ടെത്തുന്നത്. ധൃതി പിടിച്ച് നടത്തുന്നത് സംഘാടനത്തെയും ബാധിക്കും.
ചവിട്ടുനാടകം, വഞ്ചിപ്പാട്ട്, നാടന്‍പാട്ട് തുടങ്ങി 11 ഇനങ്ങള്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവം പൂര്‍ത്തിയായ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ ഇനങ്ങള്‍ക്കുള്ള അവസരം നഷ്ടപ്പെടും. അപ്പീല്‍ ഫീസും ഇരട്ടിയാക്കി. ഉപജില്ല, ജില്ലാതലങ്ങളില്‍ നിലവില്‍ 500 രൂപയായിരുന്നു അപ്പീല്‍ ഫീസ്. ഇത് യഥാക്രമം 1,000, 1,500 രൂപ എന്നിങ്ങനെയാക്കി. സംസ്ഥാനതലത്തില്‍ ആയിരം എന്നത് രണ്ടായിരമാക്കി. മത്സരങ്ങള്‍ മുഴുവന്‍ ഉപജില്ലാതലം മുതല്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണം. സാമ്പത്തിക പ്രയാസത്തിലാകുന്ന ഉപജില്ലാതല സംഘാടകസമിതികള്‍ ഇതിനുള്ള ചെലവും അധികമായി കണ്ടെത്തണം. വിദ്യാര്‍ഥികളില്‍നിന്ന് സംഭാവന പിരിക്കരുത് എന്ന കേന്ദ്രനിര്‍ദേശം നിലവിലുള്ളപ്പോള്‍തന്നെയാണ് കേരളത്തില്‍ അഞ്ചുരൂപ വീതം പിരിച്ചെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളതും. വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ ദീര്‍ഘവിക്ഷണമില്ലായ്മയും അലംഭാവവുമാണ് ഇത് പ്രകടമാക്കുന്നതെന്നാണ് ആക്ഷേപം.