Thursday, January 12, 2012

സി കെ ശശീന്ദ്രന് സിപിഐ എം ജില്ലാസെക്രട്ടറി സ്ഥാനത്ത് ഇത് രണ്ടാംമൂഴം.


ബത്തേരി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെ പൊതുരംഗത്തെത്തി ആദിവാസി- കര്‍ഷകതൊഴിലാളികളുടെ മുന്നണിപോരാളിയായിമാറിയ സി കെ ശശീന്ദ്രന് സിപിഐ എം ജില്ലാസെക്രട്ടറി സ്ഥാനത്ത് ഇത് രണ്ടാംമൂഴം. നഗ്‌നപാദനായി എവിടെയും നിറഞ്ഞുനില്‍ക്കുന്ന സി കെ ശശീന്ദ്രന്‍ നടന്നുകയറിയത് ജില്ലയിലെ ആദിവാസികളും മറ്റുപിന്നോക്ക വിഭാഗങ്ങളും ഉള്‍പ്പെടുന്ന ജനലക്ഷങ്ങളുടെ മനസ്സിലേക്കാണ്. ലാളിത്യവും കറകളഞ്ഞ ആദര്‍ശശുദ്ധിയും അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കുന്നു. വയനാട്ടിലെ പാര്‍ടിയുടെ നായകത്വം ഐക്യകണ്‌ഠേനയാണ് ഇത്തവണയും സികെഎസിനെ ഏല്‍പ്പിച്ചത്.
സിപിഐ എം പനമരം, മുട്ടില്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവന്‍നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനായി 1959ല്‍ പനമരം അരിഞ്ചേര്‍മലയിലാണ് ശശീന്ദ്രന്‍ ജനിച്ചത്. ബത്തേരി സെന്റ് മേരീസ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്എഫ്‌ഐയിലൂടെയാണ് ശശീന്ദ്രന്‍ പൊതുരംഗത്ത് സജീവമാകുന്നത്. വയനാട്ടില്‍ എസ്എഫ്‌ഐയുടെ ജില്ലാസെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഏറെകാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഡിവൈഎഫ്‌ഐയുടെയും ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. 1981ലാണ് സിപിഐ എം അംഗമായ ശശീന്ദ്രന്‍ 1988ലാണ് ജില്ലാകമ്മിറ്റിയംഗമാകുന്നത്. സിപിഐ എം കല്‍പ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടില്‍ ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
വയനാട്ടില്‍ പാര്‍ടിയുടെ കരുത്ത്‌വര്‍ധിപ്പിച്ച ആദിവാസി ഭൂസമരങ്ങളുടെ നേതൃത്വം വഹിച്ചത് കെഎസ്‌കെടിയു നേതവായിരുന്ന എ കണാരനൊപ്പം സി കെ ശശീന്ദ്രനായിരുന്നു. അത്യുജ്ജ്വലമായ ആദിവാസി സമരത്തിനാണ് ഇക്കാലത്ത് വയനാട് വേദിയായത്. ജീവിക്കാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ നരകയാതന അനുഭവിച്ചിരുന്ന ആയിരക്കണക്കിന് ആദിവാസികളെ സി കെ ശശീന്ദ്രന്‍ ആദിവാസി ക്ഷേമസമിതിക്കുകീഴില്‍ അണിനിര്‍ത്തുന്ന കാഴ്ചയാണ് വയനാടന്‍ മലമടക്കുകളില്‍ ദര്‍ശിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ ജയിലുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ആദിവാസികളെയും നേതാക്കളെയും അടച്ചു. സമരത്തിന്റെ ഫലമെന്നോണം ജില്ലയിലെ പലഭാഗത്തും എകെഎസ് നേതൃത്വത്തില്‍ കോളനികളുണ്ടാവുകയും കൃഷിയിലൂടെ പുതുജീവിതം ആദിവാസികള്‍ക്ക് ലഭ്യമാവുകയും ചെയ്തു.
വയനാട്ടില്‍ അടുത്തകാലത്ത് ഏറെ ചര്‍ച്ചയായ ഭൂസമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത് സി കെ ശശീന്ദ്രന്‍ തന്നെയായിരുന്നു. ജനപക്ഷത്തിന് നിന്ന് ന്യായത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുക്കുന്ന ശശീന്ദ്രന്‍ എതിരാളികളുടെ ഒടുക്കാനാവാത്ത ശത്രുതക്കാണ് ഇരയാകേണ്ടിവന്നത്. ജില്ലയിലെ പല ഉദ്യോഗസ്ഥരും ഈ 'പ്രതിഷേധച്ചൂട്' നേരിട്ടറിഞ്ഞവരാണ്. ഇതിന്റെ ഭാഗമെന്നോണം നിരവധി കള്ളക്കേസുകളും ശശീന്ദ്രന്റെപേരില്‍ ചുമത്തപ്പെട്ടു. ജയില്‍വാസവുമുണ്ടായി. നിരപരാധിയെന്ന് കണ്ട് കോടതി വിട്ടയച്ച കേസുകളും നിരവധിയാണ്. അതുകൊണ്ടുതന്നെയാണ് ഭിന്നരാഷ്ട്രീയ പ്രവര്‍ത്തകരിലും സി കെ ശശീന്ദ്രന് സ്വീകാര്യതയുള്ളത്.

നെല്‍വയല്‍ ഒരുക്കാന്‍ ഇനി സുബ്ബയ്യനില്ല


പുല്‍പ്പള്ളി: പാക്കം പാലന്‍ചോലയിലെ വഴികളെല്ലാം വെങ്കിട സുബ്ബയ്യന്റെ വീട്ടിലേക്കായിരുന്നു. കാര്‍ഷിക കടക്കെണിയുണ്ടാക്കിയ മാനസിക പ്രയാസത്തില്‍ ജീവനൊടുക്കിയ ഈ കര്‍ഷകന്റെ ജീവിതദുരിതം അറിയാവുന്നവരായിരുന്നു അവരിലേറെയും. പൊട്ടിപ്പൊളിഞ്ഞുവീഴാറായ വീട്ടിനുള്ളില്‍നിന്ന് ഭാര്യയുടെയും മകളുടെയും നിലവിളികള്‍ ഒടുങ്ങുന്നില്ല. കിളച്ചുതുടങ്ങിയ വയലിന്റെ കരയിലാണ് സുബ്ബയ്യന്റെ വീട്. ഈനെല്‍വയല്‍ ഇനി സുബ്ബയ്യന്റെ അധ്വാനശേഷിയറിയില്ല.
വ്യാഴാഴ്ച പകലാണ് വെങ്കിട സുബ്ബയ്യനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കാനറാ ബാങ്കിന്റെ പുല്‍പ്പള്ളി ശാഖയില്‍നിന്ന് ഭാര്യ സരോജിനിയുടെ പേരില്‍ 2009 ഡിസംബര്‍ 30ന് 25,000 രൂപ കാര്‍ഷിക വായ്പയെടുത്തിരുന്നു. കിടപ്പാടവും കൃഷിചെയ്യുന്ന വയലുമുള്‍പ്പെടെ ഒരേക്കര്‍ സ്ഥലമാണ് ഈ കുടുംബത്തിനുള്ളത്. ഇതാകട്ടെ സരോജിനിക്ക് കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതുമാണ്. രണ്ടുവര്‍ഷമായി വായ്പയെടുത്തിട്ടെങ്കിലും ഇതുവരെ തിരിച്ചടച്ചിട്ടില്ല. വ്യക്തികള്‍ക്കായി ഒരുലക്ഷത്തോളം രൂപ തിരിച്ചുനല്‍കാനുണ്ട്.
വയലില്‍ വര്‍ഷത്തില്‍ രണ്ടുതവണ നെല്‍കൃഷിചെയ്യാറുണ്ടെന്ന് മകന്‍ അനില്‍ പറഞ്ഞു. കാട്ടുപന്നി കയറി കൃഷി നശിപ്പിക്കുന്നതിനാല്‍ വില്‍പ്പനയ്ക്കുള്ള നെല്ല് കിട്ടാറില്ല. കിട്ടുന്നത് ഭക്ഷണത്തിന് ഉപയോഗിക്കും. വീടിരിക്കുന്ന സ്ഥലത്ത് കാപ്പിയും കുരുമുളകും ഉണ്ടെങ്കിലും ആദായം ഇല്ല. ഇത്തരം അവസ്ഥയിലാണ് ഈ കുടുംബം പ്രതിസന്ധിയിലായത്. സാമ്പത്തികമായി വല്ലാതെ കഷ്ടപ്പാടിലാണിവരെന്ന് പഞ്ചായത്ത് മെംബര്‍ ലീല കുഞ്ഞിക്കണ്ണനും പറഞ്ഞു. മുളകൊണ്ടുള്ള ചുമരും മണ്ണിന്റെ തറയും പ്ലാസ്റ്റിക് ഷീറ്റിട്ട മേല്‍ക്കൂരയും ഈ കര്‍ഷകകുടംബത്തിന്റെ വീടിന്റെ സ്ഥിതിയിതാണ്. ഇ എം എസ് ഭവന പദ്ധതിയില്‍ പുല്‍പ്പള്ളി പഞ്ചായത്ത് വീടിന് തുക അനുവദിച്ചിരുന്നുവെങ്കിലും അതുപയോഗിച്ചുമാത്രം വീടുണ്ടാക്കാന്‍ സാധിക്കില്ല എന്നതിനാല്‍ അവര്‍ തുക വാങ്ങിയില്ല- തൊട്ടടുത്ത വാര്‍ഡിലെ മെംബര്‍ ഇ എ ശങ്കരനും പറഞ്ഞു.
കാര്‍ഷിക കടക്കെണിയുടെ മറ്റൊരു ദുരന്തചിത്രമാണ് ഈ കുടുംബം പറഞ്ഞുതരുന്നത്. വെളളിയാഴ്ച വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് വെങ്കിട സുബ്ബയ്യന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. നാട്ടുകാര്‍ പിരിവെടുത്താണ് സംസ്‌കാരച്ചടങ്ങിനുള്ള തുക കണ്ടെത്തിയത്.

Thursday, October 27, 2011

കൃഷ്ണഗിരിയില്‍ ക്വാറിക്ക് അനധികൃത എന്‍ഒസി: എഡിഎമ്മിനെതിരെ വിജിലന്‍സ് അന്വേഷണം


സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: കൃഷ്ണഗിരിയില്‍ അനധികൃതമായി ക്വാറിക്ക് ലൈസന്‍സ് നല്‍കിയ വിഷയത്തില്‍ റവന്യൂ വിജലന്‍സ് അന്വേഷണം നടത്തി. കലക്ടര്‍ നല്‍കേണ്ട എന്‍ഒസി അതിനുവിരുദ്ധമായി എഡിഎം നല്‍കിയതാണ് അന്വേഷിക്കുന്നത്. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഉത്തരമേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ റഹ്മത്ത് നസീനാണ് കലക്ടറേറ്റില്‍ റെയ്ഡ് നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടോടെ സമാപിച്ചു. റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം സമര്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
കൃഷ്ണഗിരി വില്ലേജില്‍ 298/1എ സര്‍വേ നമ്പറില്‍ കോര്‍പ്പേലില്‍ കെ സി ഷൈജു കൈവശംവെച്ചുപോരുന്ന 45 സെന്റ് കരനിലത്തില്‍ വീട് നിര്‍മിക്കാന്‍ രണ്ടര സെന്റ് സ്ഥലത്തുനിന്ന് മട്ടിപ്പാറ പൊട്ടിച്ചെടുക്കുന്നതിന് റവന്യൂ വകുപ്പിന് എതിര്‍പ്പില്ലെന്ന സാക്ഷ്യപത്രം ജൂലൈ 16 നാണ് എഡിഎം പി അറുമുഖന്‍ നല്‍കിയത്. ക്വാറി സംബന്ധമായ കാര്യങ്ങളില്‍ എന്‍ഒസി നല്‍കാന്‍ എഡിഎമ്മിന് അധികാരമില്ല. ഷൈജുവിന്റെ അപേക്ഷയില്‍ കലക്ടര്‍ ചിലകാര്യങ്ങള്‍ അന്വേഷിക്കാനുള്ള കുറിപ്പ് എഴുതിവെച്ചിരുന്നു. കലക്ടറുടെ പരിഗണനയിലുള്ള വിഷയമായിരുന്നിട്ടും ആവശ്യമായ അന്വേഷണം നടത്താതെ ധൃതിപിടിച്ച് ഫയലില്‍ ഒപ്പിടുകയും കലക്ടര്‍ നല്‍കേണ്ട സമ്മതപത്രം നല്‍കുകയുംചെയ്തു. ജില്ലാ കലക്ടര്‍ എന്നത് വെട്ടിയാണ് എഡിഎം എന്നെഴുതി ഒപ്പിട്ടത്. ജൂലൈ 19ന് ഇത് ഷൈജു കൈപ്പറ്റി. ഇതുസംബന്ധിച്ച് ജൂലൈ 25ന് 'ദേശാഭിമാനി' റിപ്പോര്‍ട്ടുചെയ്തിരുന്നു.
പാറപൊട്ടിച്ചതിന് കേരള ഭൂസംരക്ഷണ നിയമപ്രകാരം ജൂലൈ 12ന് ഷൈജുവിനെതിരെ കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ നടപടി സ്വീകരിച്ചിരുന്നു. ഇത് നിലനില്‍ക്കെയാണ് 16ന് എഡിഎമ്മിന്റെ എന്‍ഒസി. സ്ഥലത്ത് കണ്ടെത്തിയ 15 ടിപ്പര്‍ മണലും മൂന്ന് ടിപ്പര്‍ മട്ടിപ്പാറയും നേരത്തെ വില്ലേജ് ഓഫീസര്‍ കസ്റ്റഡിയിലെടുത്ത് ലേലംചെയ്യണമെന്നുകാണിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട്‌ചെയ്തതുമാണ്. പത്രവാര്‍ത്തയെത്തുടര്‍ന്ന് കലക്ടര്‍ വി രതീശന്‍ എഡിഎം പി അറുമുഖനോട് വിശദീകരണം തേടുകയും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അയക്കുകയുംചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സെപ്തംബര്‍ 15നാണ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്. രേഖകളെല്ലാം പരിശോധിച്ച വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ നടപടികളില്‍ പൊരുത്തക്കേടുണ്ടെന്ന നിഗമനത്തിലെത്തിയതാണ് അറിയുന്നത്.

Sunday, June 12, 2011

കോണ്‍ഗ്രസ്സ്‌ നേതാവും പ്രചാരകനായി ആര്‍എംപിയും ജില്ലയില്‍നിന്ന്‌ കോടികള്‍ തട്ടി


സ്വന്തം ലേഖകന്‍
കല്‍പറ്റ: മണിച്ചെയിനുകള്‍ക്കെതിരെ പരാതി പ്രവഹിച്ചതിനു പിന്നാലെ പൊലീസ്‌ ശക്തമായ നടപടി തുടങ്ങി. ബിസാറിനു പിന്നാലെ ആര്‍എംപി (റിസോഴ്‌സ്‌ മണി ആന്‍ഡ്‌ പവര്‍)ക്കെതിരെയും പൊലീസ്‌ കേസെടുത്തു. മള്‍ട്ടി നാഷണല്‍ കമ്പനിയായ ആര്‍എംപി ജില്ലയില്‍നിന്ന്‌ കോടികള്‍ തട്ടിയതായാണ്‌ കരുരുതുന്നത്‌. കാര്‍ഷിക മേഖലയായ വയനാടിന്‌ ഭീഷണിയഗായി മാറിയിരിക്കുകയകണ്‌ മണിച്ചെയിനുകളും മറ്റ്‌ സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളും.
5500 രൂപയായിരുന്നു ആര്‍എംപിയിലെ അംഗത്വഫീസ്‌. ഇത്രയും തുക അടച്ചശേഷം രണ്ട്‌ വീതം അംഗങ്ങളെ ചേര്‍ത്താല്‍ ആഴ്‌ചയില്‍ 8000 രൂപ ചെക്കായി ലഭിക്കുമെന്ന്‌ വാഗ്‌ദാനം നല്‍കിയാണ്‌ ആര്‍എംപി ജനങ്ങളെ വലയിലാക്കിയത്‌. ഇപ്പോള്‍ വിദേശത്ത്‌ കഴിയുന്ന ബത്തേരി മൂലങ്കാവ്‌ സ്വദേശിയായ അഭിലാഷ്‌ തോമസാണ്‌ ജില്ലയില്‍ ആര്‍എംപിയെ നയിച്ചത്‌. ഇയാളുടെ വീട്ടില്‍ കഴിഞ്ഞദിവസം ബത്തേരി പോലീസ്‌ റെയ്‌ഡ്‌ നടത്തിയിരുന്നു. ഇടതും വലതുമൊക്കെയായി ധാരാളം ആളുകളെ ചേര്‍ത്ത സാധാരണക്കാരായ കണ്ണികള്‍ക്ക്‌ ആയിരം രൂപപോലും ലഭിച്ചില്ലെന്നതാണ്‌ വാസ്‌തവം. ചെയിന്‍ സംവിധാനമല്ല. വൈറ്റ്‌ മണി ഉപയോഗിച്ച്‌ ബൈനറി സിസ്‌റ്റത്തിലാണ്‌ ആര്‍എംപിയുടെ പ്രവര്‍ത്തനമെന്നൊക്കെ പറഞ്ഞവരുണ്ട്‌.
ആര്‍എംപിയുടെ കണ്ണിയില്‍ ചേര്‍ന്ന്‌ നല്ല ബിസിനസ്സ്‌ നടത്തുന്നവര്‍ക്ക്‌ ഊട്ടി, കൊടൈക്കനാല്‍, മനാലി, പുരി, ജയ്‌സാല്‍മീര്‍ എന്നിവടങ്ങളില്‍ സന്ദര്‍ശനത്തിന്‌ സൗജന്യ ടൂര്‍ പാക്കേജ്‌, സ്റ്റാര്‍ ഹോട്ടലുകളില്‍ താമസവും ഭക്ഷണവും, ആര്‍എംപിയിലെ അംഗങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കംപ്യൂട്ടര്‍ പരിശീലനത്തിന്‌ സൗജന്യ കമ്പ്യൂട്ടര്‍ പാക്കേജും വാഗ്‌ദാനം ചെയ്‌തു. ഇതിനായി ജില്ലയില്‍ ബത്തേരിയിലും നീലഗിരിയില്‍ ഗൂഡലൂരിലും കംപ്യൂട്ടര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ തുടങ്ങിയെങ്കിലും ഇത്‌ തുടക്കത്തിലേ ഒടുങ്ങി. കൂടാതെ ആര്‍എംപിയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും അവകാശം നല്‍കി. കോട്ടും സ്യൂട്ടും ഷൂവുമൊക്കെ അണിഞ്ഞെത്തുന്ന എക്‌സിക്യൂട്ടീവ്‌ വീരന്‍മാരെ വിശ്വസിച്ച്‌ പണം നല്‍കിയവര്‍ പലരും കടക്കെണിയിലേക്ക്‌ ഊളിയിടുന്നതിന്‌ വയനാട്‌ സാക്ഷ്യം വഹിച്ചു. അഭിലാഷ്‌ തോമസും ഇയാളുടെ പദവിക്ക്‌ തൊട്ടുതാഴെയുള്ളവരുമൊക്കെ കോടിപതികളായപ്പോള്‍ സാധാരണക്കാരായ പലരും അടച്ച തുകയ്‌ക്ക്‌ 2000 രൂപപോലും തികച്ച്‌ കിട്ടാതെ വിഷമിച്ചു. 2004 ലാണ്‌ ജില്ലയില്‍ ആര്‍എംപി പിടിമുറുക്കുന്നത്‌. ആംവേയും കോണിബയോയുമൊക്കെ പരാജയപ്പെട്ടപ്പോള്‍ ആര്‍എംപി വളര്‍ച്ച അതിവേഗതയിലായിരുന്നു. പിന്നീട്‌ പണം നഷ്ടമായവരുടെ വിലാപങ്ങളാണ്‌ വയനാട്ടില്‍ മുഴങ്ങിക്കേട്ടത്‌. ഓരോ കാലങ്ങളിലും ആര്‍എംപി ഓരോ ഉല്‍പ്പന്നങ്ങളാണ്‌ മാര്‍ക്കറ്റിങ്ങിന്‌ ഉപയോഗിച്ചിരുന്നത്‌. അപ്പച്ചട്ടി മുതല്‍ കംപ്യൂട്ടര്‍വരെ വില്‍പ്പന നടത്താനും ആര്‍എംപി ഡിസ്‌ട്രിബ്യൂട്ടര്‍മാര്‍ക്ക്‌ അവകാശമുണ്ട്‌.
ആര്‍എംപിയുടെ ജില്ലയിലെ പ്രധാന പ്രചാരകരിലൊരാള്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവായിരുന്നു. ഇടപാടുകാര്‍ക്കായി നടത്തുന്ന യോഗങ്ങളില്‍ ഇദ്ദേഹം സ്ഥിരം അധ്യാപകനുമായിരുന്നു അധികാരസ്ഥാനത്തുള്ള ഇദ്ദേഹം. മാനന്തവാടിയിലെ ഒരു മഹിളാകോണ്‍ഗ്രസ്‌ നേതാവും ഈ പദ്ധതിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

Tuesday, April 26, 2011

അഴിമതിക്കെതിരെ പ്രതികരിച്ചു; കെ കെ രാമചന്ദ്രന്‍ പാര്‍ടിക്കു പുറത്തായി


കല്‍പ്പറ്റ: ആറ്‌ തവണ എംഎല്‍എ, ചുരുങ്ങിയ കാലമെങ്കിലും രണ്ടുതവണ മന്ത്രി, കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളിലൊരാള്‍.... ഇത്രയുംകാലം കോണ്‍ഗ്രസ്സിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചു. ഒടുവില്‍ സഹികെട്ട്‌ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണം. അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസ്സ്‌ നേതൃത്വത്തില്‍നിന്ന കെ കെ രാമചന്ദ്രനെ പാര്‍ടിയില്‍നിന്ന്‌ പടിയടച്ചു പുറത്താക്കാന്‍ എന്നിട്ടും നേതൃത്വത്തിന്‌ പ്രയാസമുണ്ടായില്ല.
തെരഞ്ഞെടുപ്പിന്‌ മുമ്പാണ്‌ ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും എതിരെ അഴിമതിയാരോപണവുമായി കെ കെ രാമചന്ദ്രന്‍ പരസ്യമായി രംഗത്തുവന്നത്‌. ഇരുനേതാക്കളും കെ കെ രാമചന്ദ്രന്റെ സ്വന്തം തട്ടകത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി എത്തിയദിവസംതന്നെയാണ്‌ അദ്ദേഹം തിരുവനന്തപുരത്ത്‌ ഈ നേതാക്കള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്‌. നടപടിയെടുക്കും എന്ന്‌ ചെന്നിത്തല അന്നുതന്നെ പറഞ്ഞു. നടപടിയുണ്ടാകില്ല എന്ന്‌ പിന്നീട്‌ ഉമ്മന്‍ചാണ്ടി പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പ്‌ കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന്‌ വ്യക്തമായിരുന്നു. `പ്രതീക്ഷിച്ച നടപടി' വന്നുവെങ്കിലും പുറത്താക്കലിലേക്ക്‌ എത്തുമെന്ന്‌ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകര്‍പോലും കരുതിയിരുന്നില്ല.
1954ലാണ്‌ കെ കെ രാമചന്ദ്രന്‍ എന്ന തലശേരി ചൊക്ലി നിടുമ്പ്രം സ്വദേശി കോണ്‍ഗ്രസ്സിലെത്തിയത്‌. നിടുമ്പ്രത്ത്‌ യൂത്ത്‌കോണ്‍ഗ്രസ്സ്‌ വില്ലേജ്‌ പ്രസിഡന്റായി തുടക്കം. പിന്നീട്‌ 1962 ല്‍ വയനാട്ടില്‍ താമസം തുടങ്ങി. കോണ്‍ഗ്രസ്സ്‌ വരദൂര്‍ വാര്‍ഡ്‌ കമ്മിറ്റി പ്രസിഡന്റ്‌, അവിഭക്ത കോഴിക്കോട്‌ ജില്ലാ ജനറല്‍ സെക്രട്ടറിയായി. കെപിസിസി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ ഏകകണ്‌ഠമായി തെരഞ്ഞെടുക്കപ്പെട്ട 21 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. 1978ല്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഈ 21 അംഗങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ ഒപ്പം നിന്നത്‌ കെ കെ രാമചന്ദ്രന്‍ മാത്രം. 1980ല്‍ കോഴിക്കോട്‌ ഡിസിസി പ്രസിഡന്റായി. 1984ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം പിന്നീട്‌ എഐസിസി അംഗവുമായി. വയനാട്ടിലെ കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്നു കെ കെ രാമചന്ദ്രന്‍. അല്‍പകാലം മുമ്പുവരെ ജില്ലയിലെ കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ എതിര്‍ശബ്ദമുണ്ടായിരുന്നില്ല. വയനാട്ടിലെ രണ്ടു മണ്ഡലങ്ങളില്‍നിന്നായി 1980 മുതല്‍ തുടര്‍ച്ചയായി ആറു തവണയാണ്‌ അദ്ദേഹം എംഎല്‍എയായത്‌. 2006 ല്‍മാത്രമാണ്‌ തോല്‍വിയറിഞ്ഞത്‌. 1982ല്‍ കോണ്‍ഗ്രസ്സ്‌ നിയമസഭാ സെക്രട്ടറിയുമായിരുന്നു. 1995ല്‍ എ കെ ആന്റണി മന്ത്രിസഭയിലും 2004ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗവുമായിരുന്നു.
കരുണാകരന്റെയും പിന്നീട്‌ എ കെ ആന്റണിയുടെയും വിശ്വസ്‌തനായിരുന്നു കെ കെ രാമചന്ദ്രന്‍. അദ്ദേഹത്തില്‍നിന്ന്‌ രാഷ്‌ട്രീയത്തിന്റെ ബാലപാഠം പഠിച്ചവരാണ്‌ ഇന്ന്‌ വാളോങ്ങുന്നത്‌ എന്നതാണ്‌ പ്രത്യേകത. കഴിഞ്ഞതവണ കല്‍പ്പറ്റ മണബഡലത്തില്‍ആദ്യസ്ഥാനാര്‍ഥിപ്പട്ടികയില്‍ കെ കെ രാമചന്ദ്രന്റെ പേരുണ്ടായിരുന്നില്ല. ഒമ്പതുദിവസത്തിനുശേഷമാണ്‌ ടിക്കറ്റ്‌ നല്‍കിയത്‌. വൈകിയ ടിക്കറ്റിന്‌ കാരണം ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്‌ക്കുമെതിരായി കൈയിലുള്ള `ബോംബ്‌' ആണെന്ന്‌ നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസ്സിനുവേണ്ടി യല്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ലെന്ന്‌ അനുയായികള്‍ പറയുന്നു. മറ്റുപലരും കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞപ്പോഴും മാറിയില്ല. അഴിമതിക്കെതിരായ നിലപാടാണ്‌ പുറത്താക്കലിന്‌ കാരണമായതെന്ന്‌ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Saturday, April 23, 2011

എച്ച്‌എംഎല്‍ ഭൂമി സര്‍ക്കാരിന്‌ ഏറ്റെടുക്കാമെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌


കല്‍പ്പറ്റ: മലയാളം പ്ലാന്റേഷന്‍സ്‌ കമ്പനിയുടെതായി സംസ്ഥാനത്തുള്ള ഭൂമിയില്‍ ഹാരിസണ്‍സ്‌ മലയാളം കമ്പനിക്ക്‌ യാതൊരു അവകാശവുമില്ല. എട്ട്‌ ജില്ലകളിലായി എച്ച്‌എംഎല്ലിന്റേതെന്ന്‌ അവര്‍ അവകാശപ്പെടുന്ന 60,000 ഏക്കറോളം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ റവന്യൂ അസി. കമീഷണര്‍ സജിത്ത്‌ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം സര്‍ക്കാരിന്‌ ശുപാര്‍ശചെയ്‌തു. എച്ച്‌എംഎല്‍ കമ്പനി അനധികൃതമായാണ്‌ ഭൂമി കൈവശംവെക്കുന്നതെന്ന്‌ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്റെ പരിഗണനയിലാണ്‌.
എട്ട്‌ ജില്ലകളിലെ 39 വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഹാരിസണ്‍സ്‌ കമ്പനി വക തോട്ടങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നത്‌. എച്ച്‌എംഎല്‍ കൈവശംവെക്കുന്ന ഭൂമികളുടെ ഉടമസ്ഥത സംശയാസ്‌പദമാണെന്ന്‌ റവന്യൂ സെക്രട്ടറി നിവേദിത പി ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയും റിപ്പോര്‍ട്ടു നല്‍കിയിരുന്നു. അനധികൃതമായ ഭൂമി കൈമാറ്റവും റവന്യൂ- രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും കമ്പനിയും തമ്മിലുള്ള അവിഹതബന്ധവും ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന്‌ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ എല്‍ മനോഹറിനെ നിയമോപദേശം നല്‍കുന്നതിന്‌ സര്‍ക്കാര്‍ നിയോഗിച്ചു. സര്‍ക്കാരിന്റെ ഭൂമികളില്‍നിന്ന്‌ കമ്പനിയെ നിയമപരമായി ഒഴിപ്പിക്കേണ്ടതാണെന്നായിരുന്നു അദ്ദേഹവും നല്‍കിയ ഉപദേശം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്‌ സജിത്ത്‌ബാബുവിന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റിയെ പ്രത്യേക ടീമായി നിശ്‌ചയിച്ചത്‌.
നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ ഹാരിസണ്‍ മലയാളം കമ്പനി എന്ന അവകാശവാദവും തെറ്റാണ്‌. 1984 ല്‍ മെമോറാണ്ടം ഓഫ്‌ അസോസിയേഷന്‍ പ്രകാരമാണ്‌ കമ്പനി രൂപീകരിച്ചത്‌. ഇതിന്റെ മേജര്‍ ഷെയര്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ട്‌ ആസ്ഥാനമായുള്ള മലയാളം പ്ലാന്റേഷന്‍സ്‌ (ഹോള്‍ഡിങ്‌സ്‌) എന്ന കമ്പനിയാണ്‌. വിദേശവിനിമയചട്ടം അനുസരിച്ച്‌ വിദേശ കമ്പനികള്‍ക്ക്‌ ഒരുതുണ്ട്‌ ഭൂമി വില്‍ക്കാനോ വാങ്ങാനോ സാധിക്കില്ല എന്നിരിക്കെ ഒരു വിദേശകമ്പനി പ്രധാന ഷെയര്‍ഹോള്‍ഡറായുള്ള ഒരു കമ്പനിക്ക്‌ നിലനില്‍ക്കാനാകുന്നുവെന്നതും സംശയാസ്‌പദമാണ്‌ എന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
15,786.32 ഏക്കര്‍ ഭൂമി മലയാളം പ്ലാന്റേഷന്‍സ്‌ (യുകെ) ലിമിറ്റഡിന്‌ സ്വതന്ത്രവിനിയോഗാവകാശമുള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അത്‌ കേരളത്തില്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ്‌ (ഇന്ത്യ) ലിമിറ്റഡിനോ അതില്‍നിന്നുണ്ടായ ഹാരിസണ്‍സ്‌ മലയാളം ലിമിറ്റഡിനോ വന്നുചേരുന്നതിന്‌ നിയമപരമായ തടസ്സങ്ങള്‍ ഏറെയാണ്‌. വില്ലേജുകളിലെ നിലവിലുള്ള അടിസ്ഥാനരേഖയായ തണ്ടപ്പേര്‍ കണക്കുപ്രകാരം കമ്പനിയുടെ കൈവശം 43,194.42 ഏക്കര്‍ സ്ഥലമുണ്ട്‌. ഇതില്‍ 15,786.32 ഏക്കര്‍ മലയാളം പ്ലാന്റേഷന്‍സ്‌ (യുകെ) ന്റെ പേരിലുള്ളതാണ്‌. 10,005.55 ഏക്കര്‍ ഭൂമി കമ്പനി ഇതിനോടകം കൈമാറിയിട്ടുണ്ട്‌. ഇതാകട്ടെ അസാധുവാണ്‌. വിവിധ പാട്ടാധാരങ്ങളിലൂടെയും ചാര്‍ത്തവധികളിലൂടെയും പാട്ടമായി ലഭിച്ച 40,975.82 ഏക്കര്‍ ഭൂമി ഭൂപരിഷ്‌കരണ നിയമപ്രകാരവും അന്യംനില്‍പ്പു നിയമപ്രകാരവും സര്‍ക്കാറിന്‌ ഏറ്റെടുക്കാം. അതോടൊപ്പം മലയാളം പ്ലാന്റേഷന്‍സ്‌ (യുകെ) പേരിലുള്ള 15,786.32 ഏക്കര്‍ ഭൂമിയും അന്യംനില്‍പ്പ്‌ ഭൂമിയായി ഏറ്റെടുക്കണം. ഹാരിസണ്‍സിന്റെ മിച്ചഭൂമി കേസ്‌ പരിഗണിക്കുമ്പോള്‍ കമ്പനി അവകാശപ്പെടുന്നതുപോലെ 5730 ഏക്കറില്‍ മാത്രമാണ്‌ പ്ലാന്റേഷന്‍സ്‌ ഉള്ളതെങ്കില്‍ 81 ാം വകുപ്പ്‌ പ്രകാരമുള്ള ഒഴിവാക്കല്‍ റദ്ദ്‌ചെയ്‌ത്‌ ബാക്കി മുഴുവന്‍ ഭൂമിയും സര്‍ക്കാരിലേക്ക്‌ ഏറ്റെടുക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌.