Thursday, October 27, 2011

കൃഷ്ണഗിരിയില്‍ ക്വാറിക്ക് അനധികൃത എന്‍ഒസി: എഡിഎമ്മിനെതിരെ വിജിലന്‍സ് അന്വേഷണം


സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: കൃഷ്ണഗിരിയില്‍ അനധികൃതമായി ക്വാറിക്ക് ലൈസന്‍സ് നല്‍കിയ വിഷയത്തില്‍ റവന്യൂ വിജലന്‍സ് അന്വേഷണം നടത്തി. കലക്ടര്‍ നല്‍കേണ്ട എന്‍ഒസി അതിനുവിരുദ്ധമായി എഡിഎം നല്‍കിയതാണ് അന്വേഷിക്കുന്നത്. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഉത്തരമേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ റഹ്മത്ത് നസീനാണ് കലക്ടറേറ്റില്‍ റെയ്ഡ് നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടോടെ സമാപിച്ചു. റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം സമര്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
കൃഷ്ണഗിരി വില്ലേജില്‍ 298/1എ സര്‍വേ നമ്പറില്‍ കോര്‍പ്പേലില്‍ കെ സി ഷൈജു കൈവശംവെച്ചുപോരുന്ന 45 സെന്റ് കരനിലത്തില്‍ വീട് നിര്‍മിക്കാന്‍ രണ്ടര സെന്റ് സ്ഥലത്തുനിന്ന് മട്ടിപ്പാറ പൊട്ടിച്ചെടുക്കുന്നതിന് റവന്യൂ വകുപ്പിന് എതിര്‍പ്പില്ലെന്ന സാക്ഷ്യപത്രം ജൂലൈ 16 നാണ് എഡിഎം പി അറുമുഖന്‍ നല്‍കിയത്. ക്വാറി സംബന്ധമായ കാര്യങ്ങളില്‍ എന്‍ഒസി നല്‍കാന്‍ എഡിഎമ്മിന് അധികാരമില്ല. ഷൈജുവിന്റെ അപേക്ഷയില്‍ കലക്ടര്‍ ചിലകാര്യങ്ങള്‍ അന്വേഷിക്കാനുള്ള കുറിപ്പ് എഴുതിവെച്ചിരുന്നു. കലക്ടറുടെ പരിഗണനയിലുള്ള വിഷയമായിരുന്നിട്ടും ആവശ്യമായ അന്വേഷണം നടത്താതെ ധൃതിപിടിച്ച് ഫയലില്‍ ഒപ്പിടുകയും കലക്ടര്‍ നല്‍കേണ്ട സമ്മതപത്രം നല്‍കുകയുംചെയ്തു. ജില്ലാ കലക്ടര്‍ എന്നത് വെട്ടിയാണ് എഡിഎം എന്നെഴുതി ഒപ്പിട്ടത്. ജൂലൈ 19ന് ഇത് ഷൈജു കൈപ്പറ്റി. ഇതുസംബന്ധിച്ച് ജൂലൈ 25ന് 'ദേശാഭിമാനി' റിപ്പോര്‍ട്ടുചെയ്തിരുന്നു.
പാറപൊട്ടിച്ചതിന് കേരള ഭൂസംരക്ഷണ നിയമപ്രകാരം ജൂലൈ 12ന് ഷൈജുവിനെതിരെ കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ നടപടി സ്വീകരിച്ചിരുന്നു. ഇത് നിലനില്‍ക്കെയാണ് 16ന് എഡിഎമ്മിന്റെ എന്‍ഒസി. സ്ഥലത്ത് കണ്ടെത്തിയ 15 ടിപ്പര്‍ മണലും മൂന്ന് ടിപ്പര്‍ മട്ടിപ്പാറയും നേരത്തെ വില്ലേജ് ഓഫീസര്‍ കസ്റ്റഡിയിലെടുത്ത് ലേലംചെയ്യണമെന്നുകാണിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട്‌ചെയ്തതുമാണ്. പത്രവാര്‍ത്തയെത്തുടര്‍ന്ന് കലക്ടര്‍ വി രതീശന്‍ എഡിഎം പി അറുമുഖനോട് വിശദീകരണം തേടുകയും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അയക്കുകയുംചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സെപ്തംബര്‍ 15നാണ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്. രേഖകളെല്ലാം പരിശോധിച്ച വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ നടപടികളില്‍ പൊരുത്തക്കേടുണ്ടെന്ന നിഗമനത്തിലെത്തിയതാണ് അറിയുന്നത്.