Thursday, November 29, 2012

കാര്‍ത്തികേയനെ വിമര്‍ശിക്കുന്നത് കുരുടന്‍ ആനയെ കണ്ടപോലെ

കാര്‍ത്തികേയനെ വിമര്‍ശിക്കുന്നത് കുരുടന്‍ ആനയെ കണ്ടപോലെ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞത് എന്താണ് എന്ന് വ്യക്തമാകാതൊയണ് ചിലര്‍ വാളെടുക്കുന്നത്. പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനത്തിലെ ചില പൊള്ളത്തരങ്ങളിലേക്കാണ് ജി കാര്‍ത്തികേയന്‍ വിരല്‍ ചൂണ്ടിയത്. അതിനെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചറുടെ വാക്കുകളുമായി ചേര്‍ത്തുകെട്ടുന്നത് തീവണ്ടിക്ക് കാളയെ കെട്ടുന്നതുപോലെയായിരിക്കും. മാധ്യമപ്രവര്‍ത്തനമെന്നത് കൃത്യമായി അടയാളപ്പെടുത്താന്‍ ഇന്ന് സാധിക്കില്ല എന്ന് ഉറപ്പ്. എന്നാല്‍ ചില അതിര്‍വരമ്പുകള്‍ അതിന് സൂക്ഷിക്കേണ്ടതല്ലേ. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കോട്ടയത്ത് മാധ്യമ റിപ്പോര്‍ട്ടിങ്ങിലെ ധാര്‍മികത എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിലാണ് ജി കാര്‍ത്തികേയന്‍ വിവാദമായ പരാമര്‍ശം നടത്തിയത്. അത് വിവാദമാക്കാന്‍ മാത്രം ഒന്നുമില്ല താനും. പകരം ഗൗരവതരമായ ആത്മപരിശോധനയ്ക്കായിരുന്നു വിധേയമാക്കേണ്ടിയിരുന്നത്. സെമിനാറിലെ വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്പീക്കര്‍ സംസാരിച്ചത്. സമൂഹത്തില്‍ വിഷയങ്ങള്‍ ഏറെയുണ്ട്. അതൊന്നും പറയാതെ നടിയുടെ പ്രസവത്തിന്റെ പിന്നാലെ പോകുന്നതാണ് മാധ്യമപ്രവര്‍ത്തനം എന്ന സ്ഥിതിയിലേക്ക് എത്തി എന്ന് ആരുപറഞ്ഞാലും അതിലെ വിമര്‍ശനം മാത്രം സ്വീകരിച്ചാല്‍പോരെ. അതിനു പകരം പ്രസവം ചിത്രീകരിച്ചതിനെയാണ് വിമര്‍ശിക്കുന്നത് എന്ന് പറയുന്നത് കുരുടന്‍ ആനയെ കണ്ടതുപോലെയാണ്. ജി കാര്‍ത്തികേയന്‍ എന്ന വ്യക്തിയുടെ അഭിപ്രായത്തിലെ ശരിതെറ്റുകളെ ആര്‍ക്കും പരിശോധിക്കാം. അതിനുപകരം വാക്കുകളെ കൊല്ലുന്നത് ജനാധിപത്യപരമല്ല. വര്‍ത്തമാനകാലത്ത് മാധ്യമങ്ങള്‍ക്ക് പറയാന്‍ എന്തെല്ലാം വിഷയം കിടക്കുന്നു. മാധ്യമപ്രവര്‍ത്തനമെന്നാല്‍ ഇക്കിളിപ്പെടുത്തലും ആഘോഷവുമാണ് എന്ന് കരുതുന്നവര്‍ക്ക് ഇത്തരം വാക്കുകളെ അത്തരം മനസ്സോടെ മാത്രമേ സ്വീകരിക്കാനാകൂ. അത് അവരുടെ അല്‍പ്പത്തരമാണ്.

Saturday, November 24, 2012

പ്രകൃതിയെ തണുപ്പിക്കാന്‍ കൂട്ടായ ശ്രമം വേണം: സെമിനാര്‍

കല്‍പ്പറ്റ: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മാത്രമേ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ ലഘൂകരിക്കാന്‍ കഴിയൂവെന്ന് വയനാട് പ്രസ്സ്‌ക്ലബ്ബും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി കാലാവസ്ഥ വ്യതിയാനവും വയനാടും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു സെമിനാര്‍. പ്രകൃതിയെ തണുപ്പിക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. നൈട്രസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥേന്‍ തുടങ്ങിയ ഹരിതവാതകങ്ങള്‍ ഉടലെടുക്കുന്നതുമൂലം അന്തരീക്ഷതാപത്തില്‍ ഉണ്ടാകുന്ന വര്‍ധനയാണ് ഭൂമിയില്‍ വന്‍തോതിലുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് കാരണം. കാലാവസ്ഥയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ഹരിതവാതകങ്ങള്‍ക്ക് അന്തരീക്ഷതാപത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം പരമാവധി ഒഴിവാകണം. ആഗോളതാപം വര്‍ധിച്ചാല്‍ ഒരിടത്ത് കിട്ടേണ്ട മഴ മറ്റൊരിടത്താണ് പെയ്യുക. മര്‍ദം കൂടുതലുള്ള ഭാഗത്തുനിന്ന് മര്‍ദം കുറഞ്ഞ ഭാഗത്തേക്കാണ് കാറ്റ് സഞ്ചരിക്കുക. കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ പെയ്യേണ്ട തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അസമിലും ചൈനയിലും പെയ്തതിനുകാരണം ഇതാണ്. ഒരിടത്ത് പെയ്യേണ്ട മഴ മറ്റൊരിടത്ത് പെയ്യുമ്പോള്‍ ആദ്യത്തെ സ്ഥലത്ത് വരള്‍ച്ചയാണ് അനുഭവപ്പെടുക. വേനലില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പെരുമഴ വിളവെടുപ്പിനെ ബാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആക്കവും വേഗതയും കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ചാല്‍ അന്തരീക്ഷത്തില്‍ കലരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കറയും. അശാസ്ത്രീയമായ ചപ്പുചവറുകള്‍ കത്തിക്കുന്നത് ഒഴിവാക്കുന്നതും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം തന്നെയാണ്. വനവല്‍കരണമാണ് അന്തരീക്ഷതാപത്തിലെ കുതിപ്പ് നിയന്ത്രിക്കാനുള്ള മറ്റൊരു മാര്‍ഗം- സെമിനാറില്‍ വിഷയം അവതരിപ്പിച്ച കോഴിക്കോട് സിഡബ്ല്യുആര്‍എമ്മിലെ ശാസ്ത്രജ്ഞന്‍ ഡോ. പി കെ പ്രദീപ്കുമാര്‍ പറഞ്ഞു. വയനാട്ടിലെ കൃഷിയും കൃഷിരീതികളും ജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതാകണമെന്ന് സെമിനാറില്‍ മോഡറേറ്ററായിരുന്ന അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. എം സി നാരായണന്‍കുട്ടി പറഞ്ഞു. ജില്ലയെ സംബന്ധിച്ചിടത്തോളം ജലം മുഖ്യപ്രശ്‌നമായി മാറുന്നതിന് അധികകാലം എടുക്കില്ല. ജലം പിടിച്ചുവയ്ക്കാനുള്ള മണ്ണിന്റെ ശേഷി വര്‍ധിപ്പിക്കണം. ഇതിനാവശ്യമായ പദ്ധതികള്‍ വേണം. വനനശീകരണം, കൃഷിയിടങ്ങളില്‍ വ്യാപകമായ മരംമുറി, ജനസംഖ്യയിലെ വര്‍ധന, വാഹനപ്പെരുപ്പം, അശാസ്ത്രീയമായ ഭൂവിനിയോഗം, പ്രകൃതിയെ മറന്നുള്ള നിര്‍മാണങ്ങള്‍ എന്നിവ വയനാട്ടില്‍ കാലാവസ്ഥാവ്യതിയാനത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്- അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ പരമ്പരാഗതമായ അറിവും ആധുനിക ഗവേഷണഫലങ്ങളും ഉപയോഗപ്പെടുത്തുന്ന കൃഷിരീതികളാണ് വയനാടിന് അഭികാമ്യമെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പി കെ അബ്ദുള്‍ അസീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസ്, കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറി ഷെരീഫ് പാലോളി എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ഒ വി സുരേഷ് സ്വാഗതവും ടി എം ജയിംസ് നന്ദിയും പറഞ്ഞു. സെമിനാറില്‍ തിരുവനന്തപുരം ഭൂമ ശാസ്ത്ര പഠനകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. ജി മോഹന്‍കുമാറും വിഷയം അവതരിപ്പിച്ചു. നബാര്‍ഡ് ഡിഡിഎം എന്‍ എസ് സജികുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി യു ദാസ് എന്നിവര്‍ പാനല്‍ അംഗങ്ങളായി. രമേശ് എഴുത്തച്ഛന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ സജീവ് നന്ദിയും പറഞ്ഞു. കാലാവസ്ഥ വ്യതിയാനം: സെസ്സ് പഠനം നടത്തും കല്‍പ്പറ്റ: വയനാട്ടില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ തിരുവനന്തപുരം ഭൗമശാസ്ത്ര പഠനകേന്ദ്രം സംവിധാനമൊരുക്കാമെന്ന് കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജി മോഹന്‍കുമാര്‍ പറഞ്ഞു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലയിലെ മഴക്കുറവും കൃഷിക്കുണ്ടാക്കുന്ന പ്രത്യാഘാതവും പഠന വിധേയമാക്കേണ്ടതാണ്. ഇതിലൂടെ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന പ്രയാസങ്ങളെ നേരിടാനുള്ള മാര്‍ഗങ്ങളും കണ്ടെത്താനാകും- അദ്ദേഹം പറഞ്ഞു.

Monday, November 19, 2012

കെ ജയചന്ദ്രന്‍ സ്മാരക മാധ്യമ പുരസ്‌കാരം പി ആര്‍ സരിന്

കല്‍പ്പറ്റ: വയനാട് പ്രസ്സ്‌ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന കെ ജയചന്ദ്രന്റെ സ്മരണയ്ക്ക് വയനാട് പ്രസ്സ്‌ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം ഇന്ത്യാവിഷന്‍ കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി ആര്‍ സരിന്. കൈരളി ടിവിയിലെ ആര്‍ കെ ജയപ്രകാശിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരവും നല്‍കും. 22ന് പകല്‍ രണ്ടിന് വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ എം റോയ് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒ കെ ജോണി, ആര്‍ സുഭാഷ്, വി ഇ ബാലകൃഷ്ണന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹമായ എന്‍ട്രി തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തെ രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന അനധികൃത മരുന്നു പരീക്ഷണത്തെക്കുറിച്ച് തയ്യാറാക്കിയ 'ഗിനിപ്പന്നികളുടെ നാട്' എന്ന സ്‌റ്റോറിയാണ് പി ആര്‍ സരിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 5555 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൈരളി ടിവിയില്‍ സംപ്രേക്ഷണംചെയ്ത 'പണ്ട് പണ്ട് കാട്ടില്‍ ഒരു മുത്തശ്ശിയുണ്ടായിരുന്നു' എന്ന സ്‌റ്റോറിക്കാണ് ആര്‍ കെ ജയപ്രകാശിന് പ്രത്യേക പുരസ്‌കാരം. വ്യാഴാഴ്ച പകല്‍ രണ്ടിന് നടക്കുന്ന ചടങ്ങില്‍ 'റിപ്പോര്‍ട്ടിങ്ങിലെ ധാര്‍മികത' എന്ന വിഷയത്തില്‍ കെ ജയചന്ദ്രന്‍ സ്മാരക പ്രഭാഷണം കെ എം റോയ് നിര്‍വഹിക്കുമെന്നും പ്രസ്സ്‌ക്ലബ് പ്രസിഡന്റ് പി കെ അബ്ദുള്‍ അസീസ്, വൈസ്പ്രസിഡന്റ് വി ആര്‍ രാകേഷ് നായര്‍, സെക്രട്ടറി ഒ വി സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Monday, October 29, 2012

മന്ത്രിസഭ വികസനത്തിന്റെ ഗുണം കണ്ടുതുടങ്ങി.റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിക്കുമെന്ന്

മന്ത്രിസഭ വികസനത്തിന്റെ ഗുണം കണ്ടുതുടങ്ങി. റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിക്കുമെന്ന് പുതിയ റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പ്രഖ്യാപിച്ചിരിക്കുന്നു. മന്ത്രി റെയിലില്‍ കയറിയിട്ടേയുള്ളു. അപ്പോള്‍തന്നെ യാത്രക്കാരോടുള്ള സമീപനം വ്യക്തമായിത്തുടങ്ങി. തൊട്ടുപിറകെ വരും മറ്റു മന്ത്രിമാരുടെയും മിന്നുന്ന പ്രഖ്യാപനങ്ങള്‍. കേരളം പ്രതീക്ഷിക്കാതെ രണ്ടു മന്ത്രിമാരെ കിട്ടിയതിന്റെ ഞെട്ടലിലാണ് ഇപ്പോഴും. ഈ ഞെട്ടല്‍ ആവര്‍ത്തിക്കുമ്പോഹ മനസ്സിലാകും. മന്‍മോഹന്റെ മനസ്സ്. പെട്രോളിയം മന്ത്രി എസ് ജയ്പാല്‍റെഡ്ഡിയെ പറിച്ചുനട്ടു. അല്ലേല്‍ത്തന്നെ ശാരീരിക അവശതകളുള്ളയാളാണ് അദ്ദേഹം. നേരത്തെ മണിശങ്കര്‍ അയ്യര്‍ക്ക് വന്ന ഗതി ഏതായാലും ജയ്പാല്‍റെഡ്ഡിക്കുണ്ടായില്ല. റിലയന്‍സിന്റെ കോപം ചോദിച്ചുവാങ്ങിയ അദ്ദേഹം എവിടാണെന്ന ഇപ്പോള്‍ ആര്‍ക്കും അറിയില്ല.

Sunday, October 28, 2012

മന്ത്രിസഭാ വികസനം ശശിയായത് അഹമ്മദും മാണിയും

കേന്ദ്ര മന്ത്രിസഭ വികസിപ്പിച്ചു. ആറുപേര്‍ ഇപ്പോള്‍ത്തന്നെ കേരളത്തില്‍നിന്നുണ്ട്. പാചകവാതകത്തിനും പെട്രോളിനും ഡീസലിനും വിലകൂട്ടി ഇവര്‍ ജനങ്ങളെ വല്ലാതെ സഹായിക്കുകയും വാരിക്കോരി നല്‍കുകയുമാണ്. അപ്പോഴാണ് കേരളത്തിന് വീണ്ടും പ്രതീക്ഷയും പരിഗണനയും നല്‍കി സോണിയയും മന്‍മോഹനും രണ്ടുപേരെക്കൂടി മന്ത്രിമാരാക്കിയത്. കൊടിക്കുന്നില്‍ സുരേഷിനും ശശി തൂരിനും കൊടിവെച്ച കാറില്‍ പോകാം. തരൂരിന് കുറേക്കൂടി വിയര്‍പ്പോഹരി ലഭിക്കും. മാനവശേഷി വികസിപ്പിക്കാന്‍പോകുകയാണ് തരൂര്‍. കൊടിക്കുന്നിലിന് തൊഴില്‍ ഒന്നും ഇല്ലായിരുന്നുവെന്ന് മാഡത്തിനും മന്‍മോഹനും അറിയാം. ഒരു പണിയാകട്ടെ എന്നു കരുതി. തൊഴില്‍ വകുപ്പില്‍ ചില്ലറ പണി ഏല്‍പ്പിച്ചു. പെട്രോളിനും ഡീസലിനും വില കയറിയാലൊന്നും ഇനി ഇവര്‍ക്ക് പേടിക്കേണ്ട. ഈ വികസനത്തില്‍ 'ശശി'യായത് മുസ്‌ലിം ലീഗും അഹമ്മദും മാണിസാറും മകനുമാണ്. ഒപ്പം ക്യാബിനറ്റ് എന്ന പദവിയുണ്ട് എന്നേയുള്ളു വയലാറിലെ സിംഹം വയലാര്‍ രവിയേയും ശരിയാക്കി. രവിയുടെ പല്ലുമുഴുവന്‍ മാഡം എടുത്തു. ഇനി ഒരു പ്രവാസിവകുപ്പുണ്ട്. കെ വി തോമസ് മാഷിന് ഒന്നും സംഭവിച്ചില്ല. കരിമീന് നല്ല വിലയുണ്ട് എന്ന് സോണിയാജിക്ക് അറിയാം. ഇതൊന്നുമല്ല പ്രയാസം. ചന്ദ്രിക പത്രവും ലീഗും നേരത്തെ പറഞ്ഞതുപോലെ ഇ അഹമ്മദിന് കഴിവിനുള്ള അംഗീകാരം ലഭിച്ചു. മാനവശേഷി വികസനം അഹമ്മദ് നടത്തേണ്ട എന്ന് സോണിയ കല്‍പ്പിച്ചു. അഹമ്മദിനെ ശശിയാക്കി തരൂരിനെ അനുഗ്രഹിച്ചു. മറ്റൊരു കൂട്ടര്‍ ഡെല്‍ഹിയില്‍പോയി തണുപ്പുംകൊണ്ടിരുന്നത് മിച്ചം. മകനെ മന്ത്രിയാക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടില്ല എന്ന് അറിഞ്ഞതുകൊണ്ടാണ് മാണിസാര്‍ ഏറെ വിയര്‍പ്പൊഴുക്കിയത്. കോണ്‍ഗ്രസ്സ് മാണിസാറിനെ തിരിഞ്ഞുനോക്കിയില്ല. എന്നാലും മന്ത്രിസഭ വികസിപ്പിച്ചു. ഇനി കാണാം ഫരണം. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയേക്കണ്ടല്ലോ.

Monday, October 22, 2012

മാന്വല്‍ പരിഷ്‌കരണം വൈകി; സ്‌കൂള്‍ കലോത്സവത്തെ ബാധിക്കും

കല്‍പ്പറ്റ: മാന്വല്‍ പരിഷ്‌കരണം വൈകിയത് ഇക്കുറി സംസ്ഥാനത്തെ സ്‌കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പിനെ ബാധിക്കും. സ്‌കൂള്‍ തലം മിക്കയിടത്തും പൂര്‍ത്തിയായപ്പോള്‍ പുതിയ ഇനങ്ങളും കഴിഞ്ഞദിവസം പുറത്തിറക്കിയ പരിഷ്‌കരിച്ച മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അപ്പീല്‍ ഫീസും കുത്തനെ വര്‍ധിപ്പിച്ചു. വിദ്യാലയവര്‍ഷം ആരംഭിച്ച് നാല് മാസത്തിനുശേഷമാണ് നടപ്പുവര്‍ഷത്തെ മാന്വല്‍ പരിഷ്‌കരിച്ച്് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ജനുവരിയിലാണ് സംസ്ഥാന കലോത്സവം സാധാരണയായി നടക്കുന്നത്. ഇക്കുറി മലപ്പുറം ജില്ലയിലാണ് കലോത്സവം. സ്‌കൂള്‍ മത്സരങ്ങള്‍ സെപ്തംബറിലും ഉപജില്ല ഒക്‌ടോബറിലും ജില്ലാതല മത്സരങ്ങള്‍ നവംബറിലും നടത്തണമെന്നാണ് പുതിയ മാന്വലിലെ നിര്‍ദേശം. എന്നാല്‍ ഉപജില്ല മത്സരങ്ങള്‍ ഡിസംബറില്‍ നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് പുതിയ മാന്വല്‍ വന്നത്. ഒക്‌ടോബര്‍ മാസം തീരാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു എന്നിരിക്കെ ഉപജില്ല മത്സരം എങ്ങനെ പൂര്‍ത്തീകരിക്കുമെന്നറിയാതെ അങ്കലാപ്പിലാണ് ഉപജില്ല അധികൃതര്‍. ജില്ലാതല മത്സരങ്ങളുടെ തീയതിയും ഉത്തരവില്‍ പറയുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍- നവംബര്‍ ഒന്നുമുതല്‍ 10 വരെ, കാസര്‍കോട്, വയനാട്, ഇടുക്കി, ആലപ്പുഴ- നവംബര്‍ 11 മുതല്‍ 20 വരെ, കണ്ണൂര്‍, മലപ്പുറം, എറണാകുളം, പത്തനംതിട്ട, കൊല്ലം- നവംബര്‍ 21 മുതല്‍ 30 വരെയുമാണ് നിശ്ചയിച്ചത്. ഉപജില്ല മത്സരങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല. പ്രാദേശിക സംഘാടകസമിതികളും അധ്യാപകരും ചേര്‍ന്നാണ് ആവശ്യമായ തുക കണ്ടെത്തുന്നത്. ധൃതി പിടിച്ച് നടത്തുന്നത് സംഘാടനത്തെയും ബാധിക്കും. ചവിട്ടുനാടകം, വഞ്ചിപ്പാട്ട്, നാടന്‍പാട്ട് തുടങ്ങി 11 ഇനങ്ങള്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവം പൂര്‍ത്തിയായ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ ഇനങ്ങള്‍ക്കുള്ള അവസരം നഷ്ടപ്പെടും. അപ്പീല്‍ ഫീസും ഇരട്ടിയാക്കി. ഉപജില്ല, ജില്ലാതലങ്ങളില്‍ നിലവില്‍ 500 രൂപയായിരുന്നു അപ്പീല്‍ ഫീസ്. ഇത് യഥാക്രമം 1,000, 1,500 രൂപ എന്നിങ്ങനെയാക്കി. സംസ്ഥാനതലത്തില്‍ ആയിരം എന്നത് രണ്ടായിരമാക്കി. മത്സരങ്ങള്‍ മുഴുവന്‍ ഉപജില്ലാതലം മുതല്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണം. സാമ്പത്തിക പ്രയാസത്തിലാകുന്ന ഉപജില്ലാതല സംഘാടകസമിതികള്‍ ഇതിനുള്ള ചെലവും അധികമായി കണ്ടെത്തണം. വിദ്യാര്‍ഥികളില്‍നിന്ന് സംഭാവന പിരിക്കരുത് എന്ന കേന്ദ്രനിര്‍ദേശം നിലവിലുള്ളപ്പോള്‍തന്നെയാണ് കേരളത്തില്‍ അഞ്ചുരൂപ വീതം പിരിച്ചെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളതും. വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ ദീര്‍ഘവിക്ഷണമില്ലായ്മയും അലംഭാവവുമാണ് ഇത് പ്രകടമാക്കുന്നതെന്നാണ് ആക്ഷേപം.

പാചകവാതക വിതരണം: നിലവിലെ സ്ഥിതി തുടരണം- പിണറായി

കല്‍പ്പറ്റ: പാചകവാതക വിതരണത്തില്‍ നിലവിലുള്ള സ്ഥിതി തുടരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കള്‍ വാങ്ങി സബ്‌സിഡി ബാങ്ക്‌വഴി നല്‍കാമെന്ന നിര്‍ദേശം പ്രായോഗികമല്ല. എന്‍ജിഒ യൂണിയന്‍ വയനാട് ജില്ലാകമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് കല്‍പ്പറ്റയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാചകവാതക വിതരണം അട്ടിമറിച്ച് ജനങ്ങളെ കഷ്ടപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഷത്തില്‍ ആറ് സിലിണ്ടര്‍ മാത്രമേ സബ്‌സിഡിയോടെ നല്‍കൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇത് നടപ്പായാല്‍ വീടുകളില്‍ എങ്ങനെയാണ് പാചകം ചെയ്യുക. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യം മൗനം പാലിച്ചു. കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഒമ്പതാക്കാം എന്ന് പറഞ്ഞത്. എന്നാല്‍ ഇത് നടപ്പാക്കുന്നത് എങ്ങനെയെന്ന് പറഞ്ഞിട്ടില്ല. സബ്‌സിഡിയോടെതന്നെ പാചകവാതകം വിതരണംചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൊതു ഉടമസ്ഥതയിലുള്ള എല്ലാത്തിനോടും കേന്ദ്രസര്‍ക്കാരിന് അലര്‍ജിയാണെന്ന് പിണറായി പറഞ്ഞു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, പൊതുമേഖല വ്യവസായങ്ങള്‍ എന്നുവേണ്ട എല്ലാത്തിന്റേയും ഓഹരി വിറ്റഴിക്കുക എന്ന ലക്ഷ്യം മാത്രമേ സര്‍ക്കാരിനുള്ളു. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കവര്‍ന്നെടുക്കുന്നത് സര്‍വീസ് മേഖലയില്‍ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. മുതലാളിത്തത്തിന്റെ കുഴപ്പം പരിഹരിക്കാന്‍ ജീവനക്കാരുടെ പെന്‍ഷനെ ഇല്ലാതാക്കുകയാണ്. മുതലാളിത്ത പ്രതിസന്ധിയെ ഇല്ലാതാക്കാനുള്ള മാര്‍ഗമായാണ് ലോക മുതലാളിത്തം പെന്‍ഷന്‍ ഫണ്ട് ഉള്‍പ്പെടെയുള്ളവ ഓഹരി കമ്പോളത്തിലേക്ക് മാറ്റുന്നത്. ഇത് അതേപടി അനുസരിക്കുകയാണ് ഇന്ത്യയും. ഇതിന്റെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് തൊഴില്‍രഹിതരായ യുവാക്കളുടെ സ്വപ്‌നം ഇല്ലാതാക്കുന്നത്- പിണറായി പറഞ്ഞു.

Sunday, September 2, 2012

ആനയെ പേടിക്കണം എന്നാല്‍ .......

ഈ മന്ത്രിയെന്താ മാടമ്പിയാണോ? ചോദ്യം വയനാട്ടിലെ കഥയറിയാതെ ആട്ടം കാണുന്ന പാവം ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്. സത്യസന്ധതയോടെ പ്രവര്‍ത്തിച്ച വനം ഉദ്യോഗസ്ഥരെ നാടുകടത്തിയത് സര്‍ സിപി ചെയ്തതിനേക്കാള്‍ ക്രൂരതയോടെയാണ്. ആദ്യം താക്കോലുമായി പാലക്കാടേക്ക് വരാന്‍ ഉത്തരവിടുക. പിന്നീട് തിരിച്ചുപോകാന്‍ പറഞ്ഞ് അടുത്തദിവസം തിരുവനന്തപുരത്തേക്ക് മാറ്റുക. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ സര്‍. വയനാടന്‍ കാടിനരികില്‍ കഴിയുന്നവര്‍ കാട്ടാനയെ കാണാത്ത ദിവസങ്ങളുണ്ടാകില്ല. ആനപ്പിണ്ഡവും കാണും. കാട്ടാന നാട്ടിലിറങ്ങുമ്പോള്‍ കര്‍ഷകന്റെ നെഞ്ചിടിപ്പ് ഉയരും. ആനപ്പിണ്ഡം കാണുമ്പോഴും ഇതേ അങ്കലാപ്പ് ഉണ്ടാകും. ആവി പറക്കുന്ന പിണ്ഡം കണ്ടാല്‍ ഉറപ്പാണ് കാട്ടാന അടുത്തെവിടേയോ ഉണ്ട്. ഇതേ അങ്കലാപ്പും വെപ്രാളവുമാണ് വയനാട്ടിലെ വനം ഉദ്യോഗസ്ഥര്‍ക്കും എന്നായിട്ടുണ്ട്. മന്ത്രിയെ പേടിക്കാം, എന്നാല്‍ മന്ത്രിയുടെ കൂട്ടുകാരെയോ?. നാട്ടിലുള്ളവര്‍ വയനാട്ടിലെ കാട്ടില്‍ എത്തിയതാണ് ഇവിടെ ഉദ്യോഗസ്ഥര്‍ക്ക് വിനയായത്. കാട് കാണാന്‍ എത്രപേര്‍ വരുന്നുണ്ട്. അവരെല്ലാം കാടു കാണുന്നു, പോകുന്നു. ഇവിടെ ചില്ലറക്കാരല്ല വന്നത്. വയനാട് വന്യജീവി സങ്കേതം കാണാന്‍ എത്തിയ ചില മന്ത്രി സൃഹൃത്തുക്കളെക്കുറിച്ചും അവരുടെ അപ്രീതിക്ക് പാത്രമായ വനം ഉദ്യോഗസ്ഥരെക്കുറിച്ചുമാണ് ഇവിടെ കഥ. വിഷയം നാട്ടില്‍ പാട്ടാണ്. എത്ര പാടിയാലും എത്ര ചെണ്ട കൊട്ടിയാലും കുലുക്കമില്ലാത്ത മന്ത്രിയാണ് കാടും നാടും ഭരിക്കുന്നത് എന്നതിനാല്‍ ആന കുലുങ്ങിയാലും മന്ത്രിയും കൂട്ടുകാരും കുലുങ്ങില്ല. സ്വന്തമായി ആനയുണ്ടായിരുന്നു എന്നതിനാല്‍ നേരത്തെതന്നെ വന്യമൃഗങ്ങളുമായും ബന്ധമുണ്ട്. പി സി ജോര്‍ജ് കൊമ്പ് കുത്തിക്കാന്‍ പലവട്ടം ശ്രമിച്ചു. സ്വന്തം അച്ഛന്‍ ശ്രമിച്ചു, ഇറങ്ങിപ്പോകാന്‍ പറഞ്ഞു. എന്നിട്ടും കേട്ടഭാവം ഇല്ല. വന്യമൃഗസംരക്ഷകന്‍ എന്നറിയപ്പെടുന്ന വനംവകുപ്പ് ഉദ്യേഗാസ്ഥനോട് രായ്ക്കുരാമനം തിരോന്തരത്തേക്ക് വണ്ടി കയറാന്‍ ആവശ്യപ്പെട്ടത് മന്ത്രിതന്നെ. മന്ത്രിയുടെ കൂട്ടുകാര്‍ വരുമ്പോള്‍ സല്‍ക്കരിക്കേണ്ടെ. അവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കാന്‍ പറ്റിയില്ലേല്‍ അത്തരം ഉദ്യോഗസ്ഥനെ 'ഇരുത്താന്‍' മന്ത്രിക്കറിയാം, (കൂട്ടുകാര്‍ക്കും അറിയാം). താന്‍ വനം ഭരിക്കുമ്പോള്‍ തന്റെ കൂട്ടുകാര്‍ക്ക് താമസിക്കാന്‍ തന്റെ കീഴ്ജീവനക്കാരന്‍ സൗകര്യം ചെയ്തുകൊടുത്തില്ലേല്‍ അയാള്‍ അങ്ങനെ ഉദ്യോഗസ്ഥനായി ഫരിക്കേണ്ട എന്ന് മന്ത്രി തീരുമാനിച്ചാല്‍ ആര്‍ക്കാ കുറ്റം പറയാന്‍ കഴിയ്വാ. അങ്ങനെയുള്ള ഉദ്യോഗസ്ഥന് സ്ഥാനം മന്ത്രി ഭരിക്കാന്‍ ഇരിക്കുന്ന തിരുവനന്തപുരം തന്നെ. തന്റെ കൂട്ടുകാര്‍ക്ക് താമസിക്കാന്‍ തന്റെ കീഴിലുള്ള വകുപ്പിലെ ബംഗ്ലാവില്‍ സൗകര്യം ഇല്ലെങ്കില്‍ 'അവിടെയിനി ആരും താമസിക്കണ്ട', എല്ലാം അടച്ചുപൂട്ടി താക്കോലുമായി അടുത്ത വണ്ടിക്ക് ഇങ്ങോട്ടുവരാന്‍ ഒരു മന്ത്രി പറഞ്ഞുവെങ്കില്‍ അതിലും എന്താണ് തെറ്റ്. മന്ത്രിയാകുന്നയാള്‍ എന്നും മന്ത്രിയാകില്ലാലോ. മന്ത്രിവേഷം അഴിച്ചുവെച്ച് ചായം കളഞ്ഞ് ഇരിക്കുമ്പോള്‍ ഇങ്ങനെ ആജ്ഞാപിക്കാന്‍ കഴിയോ്വ എന്നാണ് വിവരമുള്ളവര്‍ ചോദിക്കുന്നത്. നെല്ലിയാമ്പതി എന്നു കേള്‍ക്കുമ്പോള്‍ മന്ത്രിക്ക് ആവേശം വരുന്നത് 'നായകനാകാനുള്ള മോഹം' കലശലായതുകൊണ്ടാണെന്നും ആക്ഷേപം. സിനിമാമന്ത്രി എന്ന് ഒരു വിപ്പ് കളിയാക്കുമ്പോള്‍ അല്ലെന്ന് തെളിയിക്കാനുള്ള വെപ്രാളം. വാല്‍ക്കഷണം: 'ഇതെന്താ വെള്ളരിക്കാ പട്ടണമാണോ' എന്നാണ് ചില പരിസ്ഥിതി സംഘടനക്കാരുടെ ചോദ്യം. മന്ത്രിക്ക് ഇഷ്ടമുള്ളതല്ലേ വകുപ്പില്‍ ചെയ്യുക, 'അച്ഛനാരാ മോന്‍' എന്ന് പിള്ളയോട് ചോദിക്കണം. അപ്പോള്‍ പറഞ്ഞുതരും വനം മന്ത്രിയുടെ കഴിവ്. നാലാളില്ലാത്ത പാര്‍ടിയാണ്, കാട്ടിലെ ആനകളുടെ എണ്ണമെടുത്താല്‍ ഒരാള്‍ക്ക് ഒരു ആനയെ വീതം നല്‍കിയാലും പിന്നെയും ആനകള്‍ ബാക്കിയാകും എന്നൊന്നും പരിസ്ഥിതിക്കാര്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

Tuesday, February 7, 2012

കടബാധ്യതകളില്‍ എരിയുന്നു ഷേര്‍ളിയുടെ ജീവിതം

കടബാധ്യതകളില്‍ എരിയുന്നു
ഷേര്‍ളിയുടെ ജീവിതം
ഒ വി സുരേഷ്
തൃക്കൈപ്പറ്റ: അഞ്ചുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ തോളത്തിട്ട് കരയുന്ന ഈ യുവതിക്കുമുന്നില്‍ ജീവിതം ഇരുണ്ടതാണ്. ഗള്‍ഫ് സ്വപ്നവും നാട്ടിലെത്തിയപ്പോള്‍ തുടങ്ങിയ കാര്‍ഷികസ്വപ്‌നവും ബാക്കിയാക്കി ഭര്‍ത്താവ് ജീവിതം അവസാനിപ്പിച്ചിട്ട് ദിവസങ്ങളേ ആയുള്ളു. വീട്ടിയാല്‍ തീരാത്തത്രയും കടവും രണ്ട് പിഞ്ചുമക്കളുമായി പണിതീരാത്ത വീട്ടില്‍ പകച്ചുനില്‍ക്കുകയാണ് ഷേര്‍ളി. ബിജു ദേവസ്യ എന്ന യുവകര്‍ഷകന്റെ ആത്മഹത്യസാമ്പത്തിക പ്രയാസം മൂലമാണെന്ന് ആളുകള്‍ അറിയാന്‍ വൈകി. ചരമവാര്‍ത്തപോലും മാധ്യമങ്ങളില്‍ വന്നില്ല. അധികൃതരുടെ കണക്കില്‍ ഈ കര്‍ഷക ആത്മഹത്യയുമില്ല.
സാമ്പത്തികബാധ്യതകള്‍ തീര്‍ത്ത മാനസികപ്രയാസങ്ങളും കരള്‍ രോഗവുമാണ് ബിജു ദേവസ്യ (36)യെ പാലവയലിലെ ആശുപത്രിയില്‍ എത്തിച്ചത്. നാല് ദിവസമേ ഇവിടെ കഴിഞ്ഞുള്ളു. ജനുവരി 20ന് ജീവിതം ഒരുമുഴം കയറില്‍ അവസാനിപ്പിച്ച് ബിജു ബാധ്യതകള്‍ വീട്ടി. മേപ്പാടി പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ കുഴിമക്കില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ റോഡിന് മറുഭാഗത്ത് മൂപ്പൈനാട് പഞ്ചായത്തിലെ ജയ്ഹിന്ദില്‍ ബിജു ദേവസ്യയും ജീവനൊടുക്കി. ആദ്യം നവംബര്‍ ഏഴിന് പുല്‍പ്പറമ്പില്‍ വര്‍ഗീസ് എന്ന രാജുവാണ് ജീവനൊടുക്കിയത്. ജനുവരി 29ന് കര്‍ഷകകുടുംബാംഗമായ ബിജു പീറ്ററും (35) മേപ്പാടി പഞ്ചായത്തില്‍ ജീവനൊടുക്കി.
രണ്ടുഘട്ടമായി 19 മാസം ഗള്‍ഫിലായിരുന്നു ബിജു. ആദ്യംഒന്നരവര്‍ഷം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ നീക്കിയിരിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. നാല് മാസം നാട്ടില്‍നിന്ന് വീണ്ടുംപോയ ബിജു മൂന്നുമാസത്തിനുശേഷം നാട്ടിലെത്തി. കടം കുമിഞ്ഞുകൂടിയ സ്ഥിതിയായിരുന്നു അപ്പോള്‍. കര്‍ഷകര്‍ക്കുള്ള ഭവനവായ്പയായി വൈത്തിരി താലൂക്ക് കാര്‍ഷിക വികസനബാങ്കില്‍നിന്ന് 2009 ല്‍ ഒരുലക്ഷം രൂപ കടമെടുത്തു. പുറമേ തൃക്കൈപ്പറ്റ സര്‍വീസ് സഹകരണബാങ്കില്‍നിന്ന് സ്വര്‍ണം പണയംവെച്ച് 1,64,000 രൂപയും വായ്പയെടുത്തു. പുറമേ നെഹ്‌റു യുവകേന്ദ്രവഴി 30,000 രൂപയും കടമുണ്ട്. കാരാപ്പുഴയില്‍ കുഴിമുക്കില്‍ സ്ഥലം പാട്ടത്തിനെടുത്ത് ആയിരം വാഴ നട്ടിരുന്നു ബിജു. കല്‍പ്പറ്റയില്‍ കോട്ടവയലില്‍ ഒന്നരയേക്കര്‍ പാട്ടഭൂമിയില്‍ ഇഞ്ചികൃഷിയും നടത്തി. ഇതെല്ലാം നഷ്ടത്തിലാകുന്നത് മാനസികപ്രയാസം ഉണ്ടാക്കിയിരുന്നതായി ഷേര്‍ളി പറഞ്ഞു. മുതലും പലിശയും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയാണ് പത്ത് സെന്റ് ഭൂമിയില്‍ പണി പുര്‍ത്തിയാകാത്ത വീട്ടില്‍ കഴിയുന്ന ഷേര്‍ളിയുടെയും മക്കളുടെയും ഇപ്പോഴത്തെ ആസ്തി.
ബിഎ മലയാളസാഹിത്യം പഠനം പാതിവഴിയിലാക്കിയ ഷേര്‍ളി കവിതയും എഴുതുമായിരുന്നു. ബഷീര്‍ കൃതികള്‍ ഇഷ്ടപ്പെടുന്ന ഈ യുവതി വിവാഹത്തോടെ സാഹിത്യവുമായുള്ള ബന്ധവും അവസാനിപ്പിച്ചു. കുറച്ചുകാലം നഴ്‌സറി സ്‌കൂളില്‍ അധ്യാപികയായിരുന്നു. 'രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഉണ്ണിമോളേ (അലിന)യും അഞ്ചുമാസം മാത്രം പ്രായമുള്ള പൊന്നു (അലീസ്റ്റ)വിനേയും വളര്‍ത്തണം. വീടിന്റെ പണി പൂര്‍ത്തിയാക്കണം. അതിനൊരു തൊഴില്‍വേണം. കടം പരിഹരിക്കാന്‍ മാര്‍ഗം വേണം'- ജീവിക്കാന്‍ വഴികാണാതെ ഉരുകുമ്പോഴും ഈ മനസ്സില്‍ പ്രതീക്ഷകളുണ്ട്; ഒരുപാട്.

Thursday, January 12, 2012

സി കെ ശശീന്ദ്രന് സിപിഐ എം ജില്ലാസെക്രട്ടറി സ്ഥാനത്ത് ഇത് രണ്ടാംമൂഴം.


ബത്തേരി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെ പൊതുരംഗത്തെത്തി ആദിവാസി- കര്‍ഷകതൊഴിലാളികളുടെ മുന്നണിപോരാളിയായിമാറിയ സി കെ ശശീന്ദ്രന് സിപിഐ എം ജില്ലാസെക്രട്ടറി സ്ഥാനത്ത് ഇത് രണ്ടാംമൂഴം. നഗ്‌നപാദനായി എവിടെയും നിറഞ്ഞുനില്‍ക്കുന്ന സി കെ ശശീന്ദ്രന്‍ നടന്നുകയറിയത് ജില്ലയിലെ ആദിവാസികളും മറ്റുപിന്നോക്ക വിഭാഗങ്ങളും ഉള്‍പ്പെടുന്ന ജനലക്ഷങ്ങളുടെ മനസ്സിലേക്കാണ്. ലാളിത്യവും കറകളഞ്ഞ ആദര്‍ശശുദ്ധിയും അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കുന്നു. വയനാട്ടിലെ പാര്‍ടിയുടെ നായകത്വം ഐക്യകണ്‌ഠേനയാണ് ഇത്തവണയും സികെഎസിനെ ഏല്‍പ്പിച്ചത്.
സിപിഐ എം പനമരം, മുട്ടില്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവന്‍നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനായി 1959ല്‍ പനമരം അരിഞ്ചേര്‍മലയിലാണ് ശശീന്ദ്രന്‍ ജനിച്ചത്. ബത്തേരി സെന്റ് മേരീസ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്എഫ്‌ഐയിലൂടെയാണ് ശശീന്ദ്രന്‍ പൊതുരംഗത്ത് സജീവമാകുന്നത്. വയനാട്ടില്‍ എസ്എഫ്‌ഐയുടെ ജില്ലാസെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഏറെകാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഡിവൈഎഫ്‌ഐയുടെയും ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. 1981ലാണ് സിപിഐ എം അംഗമായ ശശീന്ദ്രന്‍ 1988ലാണ് ജില്ലാകമ്മിറ്റിയംഗമാകുന്നത്. സിപിഐ എം കല്‍പ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടില്‍ ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
വയനാട്ടില്‍ പാര്‍ടിയുടെ കരുത്ത്‌വര്‍ധിപ്പിച്ച ആദിവാസി ഭൂസമരങ്ങളുടെ നേതൃത്വം വഹിച്ചത് കെഎസ്‌കെടിയു നേതവായിരുന്ന എ കണാരനൊപ്പം സി കെ ശശീന്ദ്രനായിരുന്നു. അത്യുജ്ജ്വലമായ ആദിവാസി സമരത്തിനാണ് ഇക്കാലത്ത് വയനാട് വേദിയായത്. ജീവിക്കാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ നരകയാതന അനുഭവിച്ചിരുന്ന ആയിരക്കണക്കിന് ആദിവാസികളെ സി കെ ശശീന്ദ്രന്‍ ആദിവാസി ക്ഷേമസമിതിക്കുകീഴില്‍ അണിനിര്‍ത്തുന്ന കാഴ്ചയാണ് വയനാടന്‍ മലമടക്കുകളില്‍ ദര്‍ശിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ ജയിലുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ആദിവാസികളെയും നേതാക്കളെയും അടച്ചു. സമരത്തിന്റെ ഫലമെന്നോണം ജില്ലയിലെ പലഭാഗത്തും എകെഎസ് നേതൃത്വത്തില്‍ കോളനികളുണ്ടാവുകയും കൃഷിയിലൂടെ പുതുജീവിതം ആദിവാസികള്‍ക്ക് ലഭ്യമാവുകയും ചെയ്തു.
വയനാട്ടില്‍ അടുത്തകാലത്ത് ഏറെ ചര്‍ച്ചയായ ഭൂസമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത് സി കെ ശശീന്ദ്രന്‍ തന്നെയായിരുന്നു. ജനപക്ഷത്തിന് നിന്ന് ന്യായത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുക്കുന്ന ശശീന്ദ്രന്‍ എതിരാളികളുടെ ഒടുക്കാനാവാത്ത ശത്രുതക്കാണ് ഇരയാകേണ്ടിവന്നത്. ജില്ലയിലെ പല ഉദ്യോഗസ്ഥരും ഈ 'പ്രതിഷേധച്ചൂട്' നേരിട്ടറിഞ്ഞവരാണ്. ഇതിന്റെ ഭാഗമെന്നോണം നിരവധി കള്ളക്കേസുകളും ശശീന്ദ്രന്റെപേരില്‍ ചുമത്തപ്പെട്ടു. ജയില്‍വാസവുമുണ്ടായി. നിരപരാധിയെന്ന് കണ്ട് കോടതി വിട്ടയച്ച കേസുകളും നിരവധിയാണ്. അതുകൊണ്ടുതന്നെയാണ് ഭിന്നരാഷ്ട്രീയ പ്രവര്‍ത്തകരിലും സി കെ ശശീന്ദ്രന് സ്വീകാര്യതയുള്ളത്.

നെല്‍വയല്‍ ഒരുക്കാന്‍ ഇനി സുബ്ബയ്യനില്ല


പുല്‍പ്പള്ളി: പാക്കം പാലന്‍ചോലയിലെ വഴികളെല്ലാം വെങ്കിട സുബ്ബയ്യന്റെ വീട്ടിലേക്കായിരുന്നു. കാര്‍ഷിക കടക്കെണിയുണ്ടാക്കിയ മാനസിക പ്രയാസത്തില്‍ ജീവനൊടുക്കിയ ഈ കര്‍ഷകന്റെ ജീവിതദുരിതം അറിയാവുന്നവരായിരുന്നു അവരിലേറെയും. പൊട്ടിപ്പൊളിഞ്ഞുവീഴാറായ വീട്ടിനുള്ളില്‍നിന്ന് ഭാര്യയുടെയും മകളുടെയും നിലവിളികള്‍ ഒടുങ്ങുന്നില്ല. കിളച്ചുതുടങ്ങിയ വയലിന്റെ കരയിലാണ് സുബ്ബയ്യന്റെ വീട്. ഈനെല്‍വയല്‍ ഇനി സുബ്ബയ്യന്റെ അധ്വാനശേഷിയറിയില്ല.
വ്യാഴാഴ്ച പകലാണ് വെങ്കിട സുബ്ബയ്യനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കാനറാ ബാങ്കിന്റെ പുല്‍പ്പള്ളി ശാഖയില്‍നിന്ന് ഭാര്യ സരോജിനിയുടെ പേരില്‍ 2009 ഡിസംബര്‍ 30ന് 25,000 രൂപ കാര്‍ഷിക വായ്പയെടുത്തിരുന്നു. കിടപ്പാടവും കൃഷിചെയ്യുന്ന വയലുമുള്‍പ്പെടെ ഒരേക്കര്‍ സ്ഥലമാണ് ഈ കുടുംബത്തിനുള്ളത്. ഇതാകട്ടെ സരോജിനിക്ക് കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതുമാണ്. രണ്ടുവര്‍ഷമായി വായ്പയെടുത്തിട്ടെങ്കിലും ഇതുവരെ തിരിച്ചടച്ചിട്ടില്ല. വ്യക്തികള്‍ക്കായി ഒരുലക്ഷത്തോളം രൂപ തിരിച്ചുനല്‍കാനുണ്ട്.
വയലില്‍ വര്‍ഷത്തില്‍ രണ്ടുതവണ നെല്‍കൃഷിചെയ്യാറുണ്ടെന്ന് മകന്‍ അനില്‍ പറഞ്ഞു. കാട്ടുപന്നി കയറി കൃഷി നശിപ്പിക്കുന്നതിനാല്‍ വില്‍പ്പനയ്ക്കുള്ള നെല്ല് കിട്ടാറില്ല. കിട്ടുന്നത് ഭക്ഷണത്തിന് ഉപയോഗിക്കും. വീടിരിക്കുന്ന സ്ഥലത്ത് കാപ്പിയും കുരുമുളകും ഉണ്ടെങ്കിലും ആദായം ഇല്ല. ഇത്തരം അവസ്ഥയിലാണ് ഈ കുടുംബം പ്രതിസന്ധിയിലായത്. സാമ്പത്തികമായി വല്ലാതെ കഷ്ടപ്പാടിലാണിവരെന്ന് പഞ്ചായത്ത് മെംബര്‍ ലീല കുഞ്ഞിക്കണ്ണനും പറഞ്ഞു. മുളകൊണ്ടുള്ള ചുമരും മണ്ണിന്റെ തറയും പ്ലാസ്റ്റിക് ഷീറ്റിട്ട മേല്‍ക്കൂരയും ഈ കര്‍ഷകകുടംബത്തിന്റെ വീടിന്റെ സ്ഥിതിയിതാണ്. ഇ എം എസ് ഭവന പദ്ധതിയില്‍ പുല്‍പ്പള്ളി പഞ്ചായത്ത് വീടിന് തുക അനുവദിച്ചിരുന്നുവെങ്കിലും അതുപയോഗിച്ചുമാത്രം വീടുണ്ടാക്കാന്‍ സാധിക്കില്ല എന്നതിനാല്‍ അവര്‍ തുക വാങ്ങിയില്ല- തൊട്ടടുത്ത വാര്‍ഡിലെ മെംബര്‍ ഇ എ ശങ്കരനും പറഞ്ഞു.
കാര്‍ഷിക കടക്കെണിയുടെ മറ്റൊരു ദുരന്തചിത്രമാണ് ഈ കുടുംബം പറഞ്ഞുതരുന്നത്. വെളളിയാഴ്ച വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് വെങ്കിട സുബ്ബയ്യന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. നാട്ടുകാര്‍ പിരിവെടുത്താണ് സംസ്‌കാരച്ചടങ്ങിനുള്ള തുക കണ്ടെത്തിയത്.