Thursday, January 12, 2012

സി കെ ശശീന്ദ്രന് സിപിഐ എം ജില്ലാസെക്രട്ടറി സ്ഥാനത്ത് ഇത് രണ്ടാംമൂഴം.


ബത്തേരി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെ പൊതുരംഗത്തെത്തി ആദിവാസി- കര്‍ഷകതൊഴിലാളികളുടെ മുന്നണിപോരാളിയായിമാറിയ സി കെ ശശീന്ദ്രന് സിപിഐ എം ജില്ലാസെക്രട്ടറി സ്ഥാനത്ത് ഇത് രണ്ടാംമൂഴം. നഗ്‌നപാദനായി എവിടെയും നിറഞ്ഞുനില്‍ക്കുന്ന സി കെ ശശീന്ദ്രന്‍ നടന്നുകയറിയത് ജില്ലയിലെ ആദിവാസികളും മറ്റുപിന്നോക്ക വിഭാഗങ്ങളും ഉള്‍പ്പെടുന്ന ജനലക്ഷങ്ങളുടെ മനസ്സിലേക്കാണ്. ലാളിത്യവും കറകളഞ്ഞ ആദര്‍ശശുദ്ധിയും അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കുന്നു. വയനാട്ടിലെ പാര്‍ടിയുടെ നായകത്വം ഐക്യകണ്‌ഠേനയാണ് ഇത്തവണയും സികെഎസിനെ ഏല്‍പ്പിച്ചത്.
സിപിഐ എം പനമരം, മുട്ടില്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവന്‍നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനായി 1959ല്‍ പനമരം അരിഞ്ചേര്‍മലയിലാണ് ശശീന്ദ്രന്‍ ജനിച്ചത്. ബത്തേരി സെന്റ് മേരീസ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്എഫ്‌ഐയിലൂടെയാണ് ശശീന്ദ്രന്‍ പൊതുരംഗത്ത് സജീവമാകുന്നത്. വയനാട്ടില്‍ എസ്എഫ്‌ഐയുടെ ജില്ലാസെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഏറെകാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഡിവൈഎഫ്‌ഐയുടെയും ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. 1981ലാണ് സിപിഐ എം അംഗമായ ശശീന്ദ്രന്‍ 1988ലാണ് ജില്ലാകമ്മിറ്റിയംഗമാകുന്നത്. സിപിഐ എം കല്‍പ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടില്‍ ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
വയനാട്ടില്‍ പാര്‍ടിയുടെ കരുത്ത്‌വര്‍ധിപ്പിച്ച ആദിവാസി ഭൂസമരങ്ങളുടെ നേതൃത്വം വഹിച്ചത് കെഎസ്‌കെടിയു നേതവായിരുന്ന എ കണാരനൊപ്പം സി കെ ശശീന്ദ്രനായിരുന്നു. അത്യുജ്ജ്വലമായ ആദിവാസി സമരത്തിനാണ് ഇക്കാലത്ത് വയനാട് വേദിയായത്. ജീവിക്കാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ നരകയാതന അനുഭവിച്ചിരുന്ന ആയിരക്കണക്കിന് ആദിവാസികളെ സി കെ ശശീന്ദ്രന്‍ ആദിവാസി ക്ഷേമസമിതിക്കുകീഴില്‍ അണിനിര്‍ത്തുന്ന കാഴ്ചയാണ് വയനാടന്‍ മലമടക്കുകളില്‍ ദര്‍ശിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ ജയിലുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ആദിവാസികളെയും നേതാക്കളെയും അടച്ചു. സമരത്തിന്റെ ഫലമെന്നോണം ജില്ലയിലെ പലഭാഗത്തും എകെഎസ് നേതൃത്വത്തില്‍ കോളനികളുണ്ടാവുകയും കൃഷിയിലൂടെ പുതുജീവിതം ആദിവാസികള്‍ക്ക് ലഭ്യമാവുകയും ചെയ്തു.
വയനാട്ടില്‍ അടുത്തകാലത്ത് ഏറെ ചര്‍ച്ചയായ ഭൂസമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത് സി കെ ശശീന്ദ്രന്‍ തന്നെയായിരുന്നു. ജനപക്ഷത്തിന് നിന്ന് ന്യായത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുക്കുന്ന ശശീന്ദ്രന്‍ എതിരാളികളുടെ ഒടുക്കാനാവാത്ത ശത്രുതക്കാണ് ഇരയാകേണ്ടിവന്നത്. ജില്ലയിലെ പല ഉദ്യോഗസ്ഥരും ഈ 'പ്രതിഷേധച്ചൂട്' നേരിട്ടറിഞ്ഞവരാണ്. ഇതിന്റെ ഭാഗമെന്നോണം നിരവധി കള്ളക്കേസുകളും ശശീന്ദ്രന്റെപേരില്‍ ചുമത്തപ്പെട്ടു. ജയില്‍വാസവുമുണ്ടായി. നിരപരാധിയെന്ന് കണ്ട് കോടതി വിട്ടയച്ച കേസുകളും നിരവധിയാണ്. അതുകൊണ്ടുതന്നെയാണ് ഭിന്നരാഷ്ട്രീയ പ്രവര്‍ത്തകരിലും സി കെ ശശീന്ദ്രന് സ്വീകാര്യതയുള്ളത്.

നെല്‍വയല്‍ ഒരുക്കാന്‍ ഇനി സുബ്ബയ്യനില്ല


പുല്‍പ്പള്ളി: പാക്കം പാലന്‍ചോലയിലെ വഴികളെല്ലാം വെങ്കിട സുബ്ബയ്യന്റെ വീട്ടിലേക്കായിരുന്നു. കാര്‍ഷിക കടക്കെണിയുണ്ടാക്കിയ മാനസിക പ്രയാസത്തില്‍ ജീവനൊടുക്കിയ ഈ കര്‍ഷകന്റെ ജീവിതദുരിതം അറിയാവുന്നവരായിരുന്നു അവരിലേറെയും. പൊട്ടിപ്പൊളിഞ്ഞുവീഴാറായ വീട്ടിനുള്ളില്‍നിന്ന് ഭാര്യയുടെയും മകളുടെയും നിലവിളികള്‍ ഒടുങ്ങുന്നില്ല. കിളച്ചുതുടങ്ങിയ വയലിന്റെ കരയിലാണ് സുബ്ബയ്യന്റെ വീട്. ഈനെല്‍വയല്‍ ഇനി സുബ്ബയ്യന്റെ അധ്വാനശേഷിയറിയില്ല.
വ്യാഴാഴ്ച പകലാണ് വെങ്കിട സുബ്ബയ്യനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കാനറാ ബാങ്കിന്റെ പുല്‍പ്പള്ളി ശാഖയില്‍നിന്ന് ഭാര്യ സരോജിനിയുടെ പേരില്‍ 2009 ഡിസംബര്‍ 30ന് 25,000 രൂപ കാര്‍ഷിക വായ്പയെടുത്തിരുന്നു. കിടപ്പാടവും കൃഷിചെയ്യുന്ന വയലുമുള്‍പ്പെടെ ഒരേക്കര്‍ സ്ഥലമാണ് ഈ കുടുംബത്തിനുള്ളത്. ഇതാകട്ടെ സരോജിനിക്ക് കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതുമാണ്. രണ്ടുവര്‍ഷമായി വായ്പയെടുത്തിട്ടെങ്കിലും ഇതുവരെ തിരിച്ചടച്ചിട്ടില്ല. വ്യക്തികള്‍ക്കായി ഒരുലക്ഷത്തോളം രൂപ തിരിച്ചുനല്‍കാനുണ്ട്.
വയലില്‍ വര്‍ഷത്തില്‍ രണ്ടുതവണ നെല്‍കൃഷിചെയ്യാറുണ്ടെന്ന് മകന്‍ അനില്‍ പറഞ്ഞു. കാട്ടുപന്നി കയറി കൃഷി നശിപ്പിക്കുന്നതിനാല്‍ വില്‍പ്പനയ്ക്കുള്ള നെല്ല് കിട്ടാറില്ല. കിട്ടുന്നത് ഭക്ഷണത്തിന് ഉപയോഗിക്കും. വീടിരിക്കുന്ന സ്ഥലത്ത് കാപ്പിയും കുരുമുളകും ഉണ്ടെങ്കിലും ആദായം ഇല്ല. ഇത്തരം അവസ്ഥയിലാണ് ഈ കുടുംബം പ്രതിസന്ധിയിലായത്. സാമ്പത്തികമായി വല്ലാതെ കഷ്ടപ്പാടിലാണിവരെന്ന് പഞ്ചായത്ത് മെംബര്‍ ലീല കുഞ്ഞിക്കണ്ണനും പറഞ്ഞു. മുളകൊണ്ടുള്ള ചുമരും മണ്ണിന്റെ തറയും പ്ലാസ്റ്റിക് ഷീറ്റിട്ട മേല്‍ക്കൂരയും ഈ കര്‍ഷകകുടംബത്തിന്റെ വീടിന്റെ സ്ഥിതിയിതാണ്. ഇ എം എസ് ഭവന പദ്ധതിയില്‍ പുല്‍പ്പള്ളി പഞ്ചായത്ത് വീടിന് തുക അനുവദിച്ചിരുന്നുവെങ്കിലും അതുപയോഗിച്ചുമാത്രം വീടുണ്ടാക്കാന്‍ സാധിക്കില്ല എന്നതിനാല്‍ അവര്‍ തുക വാങ്ങിയില്ല- തൊട്ടടുത്ത വാര്‍ഡിലെ മെംബര്‍ ഇ എ ശങ്കരനും പറഞ്ഞു.
കാര്‍ഷിക കടക്കെണിയുടെ മറ്റൊരു ദുരന്തചിത്രമാണ് ഈ കുടുംബം പറഞ്ഞുതരുന്നത്. വെളളിയാഴ്ച വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് വെങ്കിട സുബ്ബയ്യന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. നാട്ടുകാര്‍ പിരിവെടുത്താണ് സംസ്‌കാരച്ചടങ്ങിനുള്ള തുക കണ്ടെത്തിയത്.