Tuesday, February 7, 2012

കടബാധ്യതകളില്‍ എരിയുന്നു ഷേര്‍ളിയുടെ ജീവിതം

കടബാധ്യതകളില്‍ എരിയുന്നു
ഷേര്‍ളിയുടെ ജീവിതം
ഒ വി സുരേഷ്
തൃക്കൈപ്പറ്റ: അഞ്ചുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ തോളത്തിട്ട് കരയുന്ന ഈ യുവതിക്കുമുന്നില്‍ ജീവിതം ഇരുണ്ടതാണ്. ഗള്‍ഫ് സ്വപ്നവും നാട്ടിലെത്തിയപ്പോള്‍ തുടങ്ങിയ കാര്‍ഷികസ്വപ്‌നവും ബാക്കിയാക്കി ഭര്‍ത്താവ് ജീവിതം അവസാനിപ്പിച്ചിട്ട് ദിവസങ്ങളേ ആയുള്ളു. വീട്ടിയാല്‍ തീരാത്തത്രയും കടവും രണ്ട് പിഞ്ചുമക്കളുമായി പണിതീരാത്ത വീട്ടില്‍ പകച്ചുനില്‍ക്കുകയാണ് ഷേര്‍ളി. ബിജു ദേവസ്യ എന്ന യുവകര്‍ഷകന്റെ ആത്മഹത്യസാമ്പത്തിക പ്രയാസം മൂലമാണെന്ന് ആളുകള്‍ അറിയാന്‍ വൈകി. ചരമവാര്‍ത്തപോലും മാധ്യമങ്ങളില്‍ വന്നില്ല. അധികൃതരുടെ കണക്കില്‍ ഈ കര്‍ഷക ആത്മഹത്യയുമില്ല.
സാമ്പത്തികബാധ്യതകള്‍ തീര്‍ത്ത മാനസികപ്രയാസങ്ങളും കരള്‍ രോഗവുമാണ് ബിജു ദേവസ്യ (36)യെ പാലവയലിലെ ആശുപത്രിയില്‍ എത്തിച്ചത്. നാല് ദിവസമേ ഇവിടെ കഴിഞ്ഞുള്ളു. ജനുവരി 20ന് ജീവിതം ഒരുമുഴം കയറില്‍ അവസാനിപ്പിച്ച് ബിജു ബാധ്യതകള്‍ വീട്ടി. മേപ്പാടി പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ കുഴിമക്കില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ റോഡിന് മറുഭാഗത്ത് മൂപ്പൈനാട് പഞ്ചായത്തിലെ ജയ്ഹിന്ദില്‍ ബിജു ദേവസ്യയും ജീവനൊടുക്കി. ആദ്യം നവംബര്‍ ഏഴിന് പുല്‍പ്പറമ്പില്‍ വര്‍ഗീസ് എന്ന രാജുവാണ് ജീവനൊടുക്കിയത്. ജനുവരി 29ന് കര്‍ഷകകുടുംബാംഗമായ ബിജു പീറ്ററും (35) മേപ്പാടി പഞ്ചായത്തില്‍ ജീവനൊടുക്കി.
രണ്ടുഘട്ടമായി 19 മാസം ഗള്‍ഫിലായിരുന്നു ബിജു. ആദ്യംഒന്നരവര്‍ഷം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ നീക്കിയിരിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. നാല് മാസം നാട്ടില്‍നിന്ന് വീണ്ടുംപോയ ബിജു മൂന്നുമാസത്തിനുശേഷം നാട്ടിലെത്തി. കടം കുമിഞ്ഞുകൂടിയ സ്ഥിതിയായിരുന്നു അപ്പോള്‍. കര്‍ഷകര്‍ക്കുള്ള ഭവനവായ്പയായി വൈത്തിരി താലൂക്ക് കാര്‍ഷിക വികസനബാങ്കില്‍നിന്ന് 2009 ല്‍ ഒരുലക്ഷം രൂപ കടമെടുത്തു. പുറമേ തൃക്കൈപ്പറ്റ സര്‍വീസ് സഹകരണബാങ്കില്‍നിന്ന് സ്വര്‍ണം പണയംവെച്ച് 1,64,000 രൂപയും വായ്പയെടുത്തു. പുറമേ നെഹ്‌റു യുവകേന്ദ്രവഴി 30,000 രൂപയും കടമുണ്ട്. കാരാപ്പുഴയില്‍ കുഴിമുക്കില്‍ സ്ഥലം പാട്ടത്തിനെടുത്ത് ആയിരം വാഴ നട്ടിരുന്നു ബിജു. കല്‍പ്പറ്റയില്‍ കോട്ടവയലില്‍ ഒന്നരയേക്കര്‍ പാട്ടഭൂമിയില്‍ ഇഞ്ചികൃഷിയും നടത്തി. ഇതെല്ലാം നഷ്ടത്തിലാകുന്നത് മാനസികപ്രയാസം ഉണ്ടാക്കിയിരുന്നതായി ഷേര്‍ളി പറഞ്ഞു. മുതലും പലിശയും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയാണ് പത്ത് സെന്റ് ഭൂമിയില്‍ പണി പുര്‍ത്തിയാകാത്ത വീട്ടില്‍ കഴിയുന്ന ഷേര്‍ളിയുടെയും മക്കളുടെയും ഇപ്പോഴത്തെ ആസ്തി.
ബിഎ മലയാളസാഹിത്യം പഠനം പാതിവഴിയിലാക്കിയ ഷേര്‍ളി കവിതയും എഴുതുമായിരുന്നു. ബഷീര്‍ കൃതികള്‍ ഇഷ്ടപ്പെടുന്ന ഈ യുവതി വിവാഹത്തോടെ സാഹിത്യവുമായുള്ള ബന്ധവും അവസാനിപ്പിച്ചു. കുറച്ചുകാലം നഴ്‌സറി സ്‌കൂളില്‍ അധ്യാപികയായിരുന്നു. 'രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഉണ്ണിമോളേ (അലിന)യും അഞ്ചുമാസം മാത്രം പ്രായമുള്ള പൊന്നു (അലീസ്റ്റ)വിനേയും വളര്‍ത്തണം. വീടിന്റെ പണി പൂര്‍ത്തിയാക്കണം. അതിനൊരു തൊഴില്‍വേണം. കടം പരിഹരിക്കാന്‍ മാര്‍ഗം വേണം'- ജീവിക്കാന്‍ വഴികാണാതെ ഉരുകുമ്പോഴും ഈ മനസ്സില്‍ പ്രതീക്ഷകളുണ്ട്; ഒരുപാട്.