Saturday, November 24, 2012

പ്രകൃതിയെ തണുപ്പിക്കാന്‍ കൂട്ടായ ശ്രമം വേണം: സെമിനാര്‍

കല്‍പ്പറ്റ: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മാത്രമേ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ ലഘൂകരിക്കാന്‍ കഴിയൂവെന്ന് വയനാട് പ്രസ്സ്‌ക്ലബ്ബും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി കാലാവസ്ഥ വ്യതിയാനവും വയനാടും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു സെമിനാര്‍. പ്രകൃതിയെ തണുപ്പിക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. നൈട്രസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥേന്‍ തുടങ്ങിയ ഹരിതവാതകങ്ങള്‍ ഉടലെടുക്കുന്നതുമൂലം അന്തരീക്ഷതാപത്തില്‍ ഉണ്ടാകുന്ന വര്‍ധനയാണ് ഭൂമിയില്‍ വന്‍തോതിലുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് കാരണം. കാലാവസ്ഥയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ഹരിതവാതകങ്ങള്‍ക്ക് അന്തരീക്ഷതാപത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം പരമാവധി ഒഴിവാകണം. ആഗോളതാപം വര്‍ധിച്ചാല്‍ ഒരിടത്ത് കിട്ടേണ്ട മഴ മറ്റൊരിടത്താണ് പെയ്യുക. മര്‍ദം കൂടുതലുള്ള ഭാഗത്തുനിന്ന് മര്‍ദം കുറഞ്ഞ ഭാഗത്തേക്കാണ് കാറ്റ് സഞ്ചരിക്കുക. കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ പെയ്യേണ്ട തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അസമിലും ചൈനയിലും പെയ്തതിനുകാരണം ഇതാണ്. ഒരിടത്ത് പെയ്യേണ്ട മഴ മറ്റൊരിടത്ത് പെയ്യുമ്പോള്‍ ആദ്യത്തെ സ്ഥലത്ത് വരള്‍ച്ചയാണ് അനുഭവപ്പെടുക. വേനലില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പെരുമഴ വിളവെടുപ്പിനെ ബാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആക്കവും വേഗതയും കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ചാല്‍ അന്തരീക്ഷത്തില്‍ കലരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കറയും. അശാസ്ത്രീയമായ ചപ്പുചവറുകള്‍ കത്തിക്കുന്നത് ഒഴിവാക്കുന്നതും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം തന്നെയാണ്. വനവല്‍കരണമാണ് അന്തരീക്ഷതാപത്തിലെ കുതിപ്പ് നിയന്ത്രിക്കാനുള്ള മറ്റൊരു മാര്‍ഗം- സെമിനാറില്‍ വിഷയം അവതരിപ്പിച്ച കോഴിക്കോട് സിഡബ്ല്യുആര്‍എമ്മിലെ ശാസ്ത്രജ്ഞന്‍ ഡോ. പി കെ പ്രദീപ്കുമാര്‍ പറഞ്ഞു. വയനാട്ടിലെ കൃഷിയും കൃഷിരീതികളും ജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതാകണമെന്ന് സെമിനാറില്‍ മോഡറേറ്ററായിരുന്ന അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. എം സി നാരായണന്‍കുട്ടി പറഞ്ഞു. ജില്ലയെ സംബന്ധിച്ചിടത്തോളം ജലം മുഖ്യപ്രശ്‌നമായി മാറുന്നതിന് അധികകാലം എടുക്കില്ല. ജലം പിടിച്ചുവയ്ക്കാനുള്ള മണ്ണിന്റെ ശേഷി വര്‍ധിപ്പിക്കണം. ഇതിനാവശ്യമായ പദ്ധതികള്‍ വേണം. വനനശീകരണം, കൃഷിയിടങ്ങളില്‍ വ്യാപകമായ മരംമുറി, ജനസംഖ്യയിലെ വര്‍ധന, വാഹനപ്പെരുപ്പം, അശാസ്ത്രീയമായ ഭൂവിനിയോഗം, പ്രകൃതിയെ മറന്നുള്ള നിര്‍മാണങ്ങള്‍ എന്നിവ വയനാട്ടില്‍ കാലാവസ്ഥാവ്യതിയാനത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്- അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ പരമ്പരാഗതമായ അറിവും ആധുനിക ഗവേഷണഫലങ്ങളും ഉപയോഗപ്പെടുത്തുന്ന കൃഷിരീതികളാണ് വയനാടിന് അഭികാമ്യമെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പി കെ അബ്ദുള്‍ അസീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസ്, കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറി ഷെരീഫ് പാലോളി എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ഒ വി സുരേഷ് സ്വാഗതവും ടി എം ജയിംസ് നന്ദിയും പറഞ്ഞു. സെമിനാറില്‍ തിരുവനന്തപുരം ഭൂമ ശാസ്ത്ര പഠനകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. ജി മോഹന്‍കുമാറും വിഷയം അവതരിപ്പിച്ചു. നബാര്‍ഡ് ഡിഡിഎം എന്‍ എസ് സജികുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി യു ദാസ് എന്നിവര്‍ പാനല്‍ അംഗങ്ങളായി. രമേശ് എഴുത്തച്ഛന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ സജീവ് നന്ദിയും പറഞ്ഞു. കാലാവസ്ഥ വ്യതിയാനം: സെസ്സ് പഠനം നടത്തും കല്‍പ്പറ്റ: വയനാട്ടില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ തിരുവനന്തപുരം ഭൗമശാസ്ത്ര പഠനകേന്ദ്രം സംവിധാനമൊരുക്കാമെന്ന് കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജി മോഹന്‍കുമാര്‍ പറഞ്ഞു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലയിലെ മഴക്കുറവും കൃഷിക്കുണ്ടാക്കുന്ന പ്രത്യാഘാതവും പഠന വിധേയമാക്കേണ്ടതാണ്. ഇതിലൂടെ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന പ്രയാസങ്ങളെ നേരിടാനുള്ള മാര്‍ഗങ്ങളും കണ്ടെത്താനാകും- അദ്ദേഹം പറഞ്ഞു.

No comments:

Post a Comment