Saturday, June 1, 2013

കുവൈത്തില്‍നിന്ന് 61 പേരെ മടക്കി അയച്ചു ന്യൂഡല്‍ഹി: വിസ മാറി ജോലിചെയ്തതിന് കുവൈത്തില്‍ ജയിലിലായ മലയാളികള്‍ അടക്കം 61 ഇന്ത്യക്കാരെ മടക്കി അയച്ചു. 20 ദിവസത്തിലേറെ നീണ്ട ജയില്‍വാസത്തിനുശേഷം ക്ഷീണിതരായെത്തിയ സംഘത്തിലെ ആറു മലയാളികള്‍ കേരള ഹൗസില്‍ കഴിയുകയാണ്. നോര്‍ക്കയുടെ സഹായത്തോടെ അടുത്ത രണ്ടു ദിവസങ്ങളിലായി ഇവര്‍ കേരളത്തിലെത്തും. കടുത്ത ദുരന്തം അനുഭവിച്ചപ്പോഴും ഇന്ത്യന്‍ എംബസിയോ കേന്ദ്രസര്‍ക്കാരോ സഹായിച്ചില്ലെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. വീട്ടുജോലിക്കുള്ള വിസയുമായി പോയി മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്കെതിരായ നടപടി കുവൈത്ത് ശക്തമാക്കിയിരിക്കുകയാണ്. വിസ കാലാവധി കഴിഞ്ഞവരെയും അനധികൃതമായി ജോലിചെയ്യുന്നവരെയും ജയിലില്‍ അടയ്ക്കുന്നു. തൊഴില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യ അനധികൃതമായി ജോലിചെയ്യുന്നവര്‍ക്കെതിരെ നിലപാട് ശക്തമാക്കിയത് ഇന്ത്യക്കാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുള്ള സാഹചര്യത്തിലാണ് കുവൈത്തിലും സമാനനടപടി. കമാലുദ്ദീന്‍ (തൃശൂര്‍), അബ്ദുള്ള, ഹരീഷ് മഹേന്ദ്രന്‍, നാസറുദ്ദീന്‍ (തിരുവനന്തപുരം), അബ്ദുള്‍ അസീസ് (കാസര്‍കോട്), യാഷിന്‍ (കണ്ണൂര്‍) എന്നിവരാണ് കേരളഹൗസില്‍ കഴിയുന്ന മലയാളികള്‍. മറ്റ് നാലു മലയാളികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, സ്വന്തംനിലയ്ക്ക് കേരളത്തിലേക്ക് പോകാനാണ് അവരുടെ തീരുമാനം. വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മലയാളികളും ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ഓരോരുത്തരും കേരള ഹൗസിലെത്തിയത്. ആന്ധ്ര, കര്‍ണാടക സ്വദേശികളെ കേരളഹൗസില്‍നിന്ന് അതത് സംസ്ഥാനങ്ങളുടെ ഡല്‍ഹി ആസ്ഥാനങ്ങളില്‍ എത്തിച്ചു. ജയിലിലും കുവൈത്ത് വിമാനത്താവളത്തിലും കടുത്ത പ്രയാസമാണ് തങ്ങള്‍ നേരിട്ടതെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു. വസ്ത്രങ്ങള്‍ അടക്കം കൈയിലുണ്ടായിരുന്ന സാധനസാമഗ്രികളൊക്കെ കുവൈത്ത് അധികൃതര്‍ പിടിച്ചെടുത്തതായി അബ്ദുള്‍ അസീസ് പറഞ്ഞു. 22 ദിവസമായി ജയിലില്‍ ധരിച്ചത് ഒരേ ഷര്‍ട്ടും പാന്റ്സുമാണ്. ഇതേ നിലയിലാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിച്ചത്. അവിടെയും ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാര്‍ കുവൈത്തില്‍ ജയിലില്‍ കഴിയുന്നതായി ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന നാസറുദ്ദീന്‍ പറഞ്ഞു. ഇതില്‍ പകുതിയിലേറെയും മലയാളികളാണ്. 100 പേര്‍ക്കുപോലും താമസിക്കാന്‍ സൗകര്യമില്ലാത്ത ജയിലുകളിലാണ് അഞ്ചും ആറും ഇരട്ടി ആളുകളെ താമസിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. - See more at: http://www.deshabhimani.com/newscontent.php?id=305121#sthash.e5ucUlvT.dpuf

No comments:

Post a Comment