Thursday, July 11, 2013

കള്ളങ്ങളുടെ പെരുമഴക്കാലം

ഇത്രത്തോളം കള്ളം പറയുന്ന ഒരു മുഖ്യമന്ത്രിയെ നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ. ഒരു കള്ളം പറഞ്ഞത് ഉറപ്പിക്കാൻ പിന്നെയും കള്ളങ്ങളുടെ പരമ്പര. എന്തിനിങ്ങനെ ഇത്രയും കോടി ജനങ്ങളെ വിഢികളാക്കാൻ ശ്രമിക്കുന്നു. ഇന്നലത്തെ വാർത്താസമ്മേളനം തന്നെ കണ്ടില്ലേ. അതല്ല കഷ്ടം, കള്ളം പറഞ്ഞ് പറഞ്ഞ് വിയർക്കുന്ന ഉമ്മൻചാണ്ടിയെ ന്യായീകരിക്കാനും ഇയിർത്തെഴുന്നേൽക്കുന്നു എന്ന് പറയാനും വെപ്രാളപ്പെടുന്ന ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസുമാണ് കൂടുതൽ കഷ്ടത്തിലാകുന്നത്. സോളാർ വിവാദം ഇനിയും നീണ്ടുപോയാൽ ഈ ചാനലകുളുടെ കാര്യം കട്ടപ്പുകയാകും. പീപ്പിളും റിപ്പോർട്ടറും ഇന്ത്യാവിഷനും സോളാർ വിവാദത്തിന്റെ ചൂടുള്ള എക്‌സ്‌ക്ലൂസീവുകൾ പുറത്തുവിടുമ്പോൾ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും രക്ഷിക്കാനുള്ള വാദങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് മറ്റുള്ള രണ്ടും. മുഖ്യമന്ത്രി തന്നെ പറയുന്നു. 1. സരിതയെ കണ്ടിട്ടില്ല. 2. കഴിഞ്ഞവർഷം ജൂലൈ ഒമ്പതിന് ശ്രീധരൻ നായർക്കൊപ്പം സരിതയെ കണ്ടിട്ടില്ല. 3. കഴിഞ്ഞവർഷം ജൂലൈ ഒമ്പതിന് ടീം സോളാറിന്റെ പേരിൽ രണ്ട് ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടി. ഇത് വണ്ടിച്ചെക്കായിരുന്നു. (ഇതേദിവസം തന്നെയാണ് സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ശ്രീധരൻ നായരും പറഞ്ഞത്) 4. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ അങ്ങനെയങ്ങ് റെക്കോർഡ് ചെയ്യാറില്ലെന്ന് ഉമ്മൻചാണ്ടി. (പിന്നെന്തിനാണ് ഈ സാധനം ലക്ഷങ്ങൾ കൊടുത്ത് പിടിപ്പിച്ചതെന്ന് ജനം ചോദിക്കരുത്.) നേരത്തെ ദൃശ്യങ്ങൾ വെച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒരാളെ കൈക്കൂലി വാങ്ങിയതിന് പുറത്താക്കിയത് മുഖ്യമന്ത്രി മറന്നുവോ. ഉമ്മൻചാണ്ടി മറന്നാലും മലയാള മനോരമ മറക്കില്ല. ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യതയെക്കുറിച്ച് മനോരമ വെണ്ടക്കയക്ഷരം നിരത്തിതാണ്. സെർവറിൽനിന്ന് ദൃശ്യങ്ങൾ എടുക്കാനാകുമെന്ന് ക്യാമറ സ്ഥാപിച്ച കെൽട്രോൺ അധികൃതർ പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി ഈ വാർത്ത മുഖ്യമന്ത്രിക്ക് കാണിച്ചുകൊടുക്കും എന്ന് പ്രതീക്ഷിക്കാം.

Saturday, June 29, 2013

വിവാഹപ്രായം 14 ആക്കാൻ വാദിക്കുന്ന കാലം വിദൂരമല്ല മുസ്‌ലിം പെൺകുട്ടികളെ 16 വയസ്സിൽതന്നെ കല്യാണം കഴിപ്പിച്ചു വിട്ടില്ലേൽ കുഴപ്പാകുമെന്നാ കാന്തപുരം സാഹിബ് പറയുന്നത്. ഈ പെൺകുട്ടികളെന്താ കയർ പൊട്ടിക്കാൻ കാത്തുനിൽക്ക്വാണോ. മുസ്‌ലിം സമൂഹത്തിൽ തന്റേടമുള്ള വനിതകളില്ലേ ഇത്തരം വിഢിത്തങ്ങൾക്കും അപമാനകരമായ വാക്കുകൾക്കും മറുപടി കൊടുക്കാൻ. മുസ്‌ലിം കുടുംബത്തിൽ ജനിച്ചുപോയതിന് ഒരു പെൺകുട്ടിയെ ഇങ്ങനെയാക്കാമോ. നേരത്തെ 18 ആയിരുന്നപ്പോളാണ് 16 വയസ്സും അതിൽ താഴെയുമുള്ളവരുടെ കഴുത്തിൽ കയറിട്ടുകെട്ടിയത്. ഇനി 16 ആകുമ്പോൾ കുറേക്കൂടി സൗകര്യമായി. നാളെ 14 ആക്കാൻ വാദിക്കാം. 14 ൽ ഇപ്പോൾതന്നെ പലയിടത്തും കല്യാണ ങ്ങൾ നടക്കുന്നുണ്ട്. ഇത്തരം മതാചാര്യന്മാരെ എന്തുപേർ പറഞ്ഞാണ് വിളിക്കേണ്ടത്. മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ഇനിയൊരു സർ സയ്യിദ് അഹമ്മദ്ഖാൻ ജനിക്കേണ്ടിവരുമോ.

Saturday, June 1, 2013

കുവൈത്തില്‍നിന്ന് 61 പേരെ മടക്കി അയച്ചു ന്യൂഡല്‍ഹി: വിസ മാറി ജോലിചെയ്തതിന് കുവൈത്തില്‍ ജയിലിലായ മലയാളികള്‍ അടക്കം 61 ഇന്ത്യക്കാരെ മടക്കി അയച്ചു. 20 ദിവസത്തിലേറെ നീണ്ട ജയില്‍വാസത്തിനുശേഷം ക്ഷീണിതരായെത്തിയ സംഘത്തിലെ ആറു മലയാളികള്‍ കേരള ഹൗസില്‍ കഴിയുകയാണ്. നോര്‍ക്കയുടെ സഹായത്തോടെ അടുത്ത രണ്ടു ദിവസങ്ങളിലായി ഇവര്‍ കേരളത്തിലെത്തും. കടുത്ത ദുരന്തം അനുഭവിച്ചപ്പോഴും ഇന്ത്യന്‍ എംബസിയോ കേന്ദ്രസര്‍ക്കാരോ സഹായിച്ചില്ലെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. വീട്ടുജോലിക്കുള്ള വിസയുമായി പോയി മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്കെതിരായ നടപടി കുവൈത്ത് ശക്തമാക്കിയിരിക്കുകയാണ്. വിസ കാലാവധി കഴിഞ്ഞവരെയും അനധികൃതമായി ജോലിചെയ്യുന്നവരെയും ജയിലില്‍ അടയ്ക്കുന്നു. തൊഴില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യ അനധികൃതമായി ജോലിചെയ്യുന്നവര്‍ക്കെതിരെ നിലപാട് ശക്തമാക്കിയത് ഇന്ത്യക്കാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുള്ള സാഹചര്യത്തിലാണ് കുവൈത്തിലും സമാനനടപടി. കമാലുദ്ദീന്‍ (തൃശൂര്‍), അബ്ദുള്ള, ഹരീഷ് മഹേന്ദ്രന്‍, നാസറുദ്ദീന്‍ (തിരുവനന്തപുരം), അബ്ദുള്‍ അസീസ് (കാസര്‍കോട്), യാഷിന്‍ (കണ്ണൂര്‍) എന്നിവരാണ് കേരളഹൗസില്‍ കഴിയുന്ന മലയാളികള്‍. മറ്റ് നാലു മലയാളികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, സ്വന്തംനിലയ്ക്ക് കേരളത്തിലേക്ക് പോകാനാണ് അവരുടെ തീരുമാനം. വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മലയാളികളും ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ഓരോരുത്തരും കേരള ഹൗസിലെത്തിയത്. ആന്ധ്ര, കര്‍ണാടക സ്വദേശികളെ കേരളഹൗസില്‍നിന്ന് അതത് സംസ്ഥാനങ്ങളുടെ ഡല്‍ഹി ആസ്ഥാനങ്ങളില്‍ എത്തിച്ചു. ജയിലിലും കുവൈത്ത് വിമാനത്താവളത്തിലും കടുത്ത പ്രയാസമാണ് തങ്ങള്‍ നേരിട്ടതെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു. വസ്ത്രങ്ങള്‍ അടക്കം കൈയിലുണ്ടായിരുന്ന സാധനസാമഗ്രികളൊക്കെ കുവൈത്ത് അധികൃതര്‍ പിടിച്ചെടുത്തതായി അബ്ദുള്‍ അസീസ് പറഞ്ഞു. 22 ദിവസമായി ജയിലില്‍ ധരിച്ചത് ഒരേ ഷര്‍ട്ടും പാന്റ്സുമാണ്. ഇതേ നിലയിലാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിച്ചത്. അവിടെയും ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാര്‍ കുവൈത്തില്‍ ജയിലില്‍ കഴിയുന്നതായി ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന നാസറുദ്ദീന്‍ പറഞ്ഞു. ഇതില്‍ പകുതിയിലേറെയും മലയാളികളാണ്. 100 പേര്‍ക്കുപോലും താമസിക്കാന്‍ സൗകര്യമില്ലാത്ത ജയിലുകളിലാണ് അഞ്ചും ആറും ഇരട്ടി ആളുകളെ താമസിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. - See more at: http://www.deshabhimani.com/newscontent.php?id=305121#sthash.e5ucUlvT.dpuf

.വിവാഹമോചനമില്ലദിലീപ്

മഞ്ജു വാരിയരും ദിലീപും തമ്മില്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. വേര്‍പിരിയലിന്രെ ഭാഗമായാണ് മഞ്ജു നൃത്തരംഗത്തേയ്ക്ക് തിരിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്ന കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടു പോലുമില്ലെന്നാണ് ദിലീപ് പറയുന്നത്. ' ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. അതല്ലാതെ ഡിവോഴ്‌സിനെ പറ്റി ഒന്നു ചിന്തിച്ചിട്ടില്ല. വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നില്ല.'ദിലീപ് പറഞ്ഞു. ഇരുവരും ഓരോ തിരക്കുകളിലാണ്. നൃത്തത്തിലാണ് മഞ്ജു ഇപ്പേള്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജു അരങ്ങേറ്റം നടത്തിയപ്പോള്‍ ആ പരിപാടിക്ക് ദിലീപ് വന്നിരുന്നില്ല. അതിനുശേഷം നിരവധി സ്‌റ്റേജ് പ്രോഗ്രാമുകള്‍ മഞ്ജു ചെയ്തു. ഒരു പരിപാടിക്കും ദിലീപ് എത്തിയിരുന്നില്ല. ഇത് ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. എറണാംകുളത്ത് ദിലീപും നാദിര്‍ഷായും ചേര്‍ന്ന് ദേ പുട്ട് എന്ന പേരില്‍ റസ്റ്ററന്ര് ആരംഭിച്ചിരുന്നു. അതിന്രെ ഉദ്ഘാടനത്തിന് മഞ്ജു എത്താതിരുന്നത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു..

Thursday, November 29, 2012

കാര്‍ത്തികേയനെ വിമര്‍ശിക്കുന്നത് കുരുടന്‍ ആനയെ കണ്ടപോലെ

കാര്‍ത്തികേയനെ വിമര്‍ശിക്കുന്നത് കുരുടന്‍ ആനയെ കണ്ടപോലെ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞത് എന്താണ് എന്ന് വ്യക്തമാകാതൊയണ് ചിലര്‍ വാളെടുക്കുന്നത്. പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനത്തിലെ ചില പൊള്ളത്തരങ്ങളിലേക്കാണ് ജി കാര്‍ത്തികേയന്‍ വിരല്‍ ചൂണ്ടിയത്. അതിനെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചറുടെ വാക്കുകളുമായി ചേര്‍ത്തുകെട്ടുന്നത് തീവണ്ടിക്ക് കാളയെ കെട്ടുന്നതുപോലെയായിരിക്കും. മാധ്യമപ്രവര്‍ത്തനമെന്നത് കൃത്യമായി അടയാളപ്പെടുത്താന്‍ ഇന്ന് സാധിക്കില്ല എന്ന് ഉറപ്പ്. എന്നാല്‍ ചില അതിര്‍വരമ്പുകള്‍ അതിന് സൂക്ഷിക്കേണ്ടതല്ലേ. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കോട്ടയത്ത് മാധ്യമ റിപ്പോര്‍ട്ടിങ്ങിലെ ധാര്‍മികത എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിലാണ് ജി കാര്‍ത്തികേയന്‍ വിവാദമായ പരാമര്‍ശം നടത്തിയത്. അത് വിവാദമാക്കാന്‍ മാത്രം ഒന്നുമില്ല താനും. പകരം ഗൗരവതരമായ ആത്മപരിശോധനയ്ക്കായിരുന്നു വിധേയമാക്കേണ്ടിയിരുന്നത്. സെമിനാറിലെ വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്പീക്കര്‍ സംസാരിച്ചത്. സമൂഹത്തില്‍ വിഷയങ്ങള്‍ ഏറെയുണ്ട്. അതൊന്നും പറയാതെ നടിയുടെ പ്രസവത്തിന്റെ പിന്നാലെ പോകുന്നതാണ് മാധ്യമപ്രവര്‍ത്തനം എന്ന സ്ഥിതിയിലേക്ക് എത്തി എന്ന് ആരുപറഞ്ഞാലും അതിലെ വിമര്‍ശനം മാത്രം സ്വീകരിച്ചാല്‍പോരെ. അതിനു പകരം പ്രസവം ചിത്രീകരിച്ചതിനെയാണ് വിമര്‍ശിക്കുന്നത് എന്ന് പറയുന്നത് കുരുടന്‍ ആനയെ കണ്ടതുപോലെയാണ്. ജി കാര്‍ത്തികേയന്‍ എന്ന വ്യക്തിയുടെ അഭിപ്രായത്തിലെ ശരിതെറ്റുകളെ ആര്‍ക്കും പരിശോധിക്കാം. അതിനുപകരം വാക്കുകളെ കൊല്ലുന്നത് ജനാധിപത്യപരമല്ല. വര്‍ത്തമാനകാലത്ത് മാധ്യമങ്ങള്‍ക്ക് പറയാന്‍ എന്തെല്ലാം വിഷയം കിടക്കുന്നു. മാധ്യമപ്രവര്‍ത്തനമെന്നാല്‍ ഇക്കിളിപ്പെടുത്തലും ആഘോഷവുമാണ് എന്ന് കരുതുന്നവര്‍ക്ക് ഇത്തരം വാക്കുകളെ അത്തരം മനസ്സോടെ മാത്രമേ സ്വീകരിക്കാനാകൂ. അത് അവരുടെ അല്‍പ്പത്തരമാണ്.

Saturday, November 24, 2012

പ്രകൃതിയെ തണുപ്പിക്കാന്‍ കൂട്ടായ ശ്രമം വേണം: സെമിനാര്‍

കല്‍പ്പറ്റ: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മാത്രമേ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ ലഘൂകരിക്കാന്‍ കഴിയൂവെന്ന് വയനാട് പ്രസ്സ്‌ക്ലബ്ബും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി കാലാവസ്ഥ വ്യതിയാനവും വയനാടും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു സെമിനാര്‍. പ്രകൃതിയെ തണുപ്പിക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. നൈട്രസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥേന്‍ തുടങ്ങിയ ഹരിതവാതകങ്ങള്‍ ഉടലെടുക്കുന്നതുമൂലം അന്തരീക്ഷതാപത്തില്‍ ഉണ്ടാകുന്ന വര്‍ധനയാണ് ഭൂമിയില്‍ വന്‍തോതിലുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് കാരണം. കാലാവസ്ഥയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ഹരിതവാതകങ്ങള്‍ക്ക് അന്തരീക്ഷതാപത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം പരമാവധി ഒഴിവാകണം. ആഗോളതാപം വര്‍ധിച്ചാല്‍ ഒരിടത്ത് കിട്ടേണ്ട മഴ മറ്റൊരിടത്താണ് പെയ്യുക. മര്‍ദം കൂടുതലുള്ള ഭാഗത്തുനിന്ന് മര്‍ദം കുറഞ്ഞ ഭാഗത്തേക്കാണ് കാറ്റ് സഞ്ചരിക്കുക. കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ പെയ്യേണ്ട തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അസമിലും ചൈനയിലും പെയ്തതിനുകാരണം ഇതാണ്. ഒരിടത്ത് പെയ്യേണ്ട മഴ മറ്റൊരിടത്ത് പെയ്യുമ്പോള്‍ ആദ്യത്തെ സ്ഥലത്ത് വരള്‍ച്ചയാണ് അനുഭവപ്പെടുക. വേനലില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പെരുമഴ വിളവെടുപ്പിനെ ബാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആക്കവും വേഗതയും കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ചാല്‍ അന്തരീക്ഷത്തില്‍ കലരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കറയും. അശാസ്ത്രീയമായ ചപ്പുചവറുകള്‍ കത്തിക്കുന്നത് ഒഴിവാക്കുന്നതും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം തന്നെയാണ്. വനവല്‍കരണമാണ് അന്തരീക്ഷതാപത്തിലെ കുതിപ്പ് നിയന്ത്രിക്കാനുള്ള മറ്റൊരു മാര്‍ഗം- സെമിനാറില്‍ വിഷയം അവതരിപ്പിച്ച കോഴിക്കോട് സിഡബ്ല്യുആര്‍എമ്മിലെ ശാസ്ത്രജ്ഞന്‍ ഡോ. പി കെ പ്രദീപ്കുമാര്‍ പറഞ്ഞു. വയനാട്ടിലെ കൃഷിയും കൃഷിരീതികളും ജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതാകണമെന്ന് സെമിനാറില്‍ മോഡറേറ്ററായിരുന്ന അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. എം സി നാരായണന്‍കുട്ടി പറഞ്ഞു. ജില്ലയെ സംബന്ധിച്ചിടത്തോളം ജലം മുഖ്യപ്രശ്‌നമായി മാറുന്നതിന് അധികകാലം എടുക്കില്ല. ജലം പിടിച്ചുവയ്ക്കാനുള്ള മണ്ണിന്റെ ശേഷി വര്‍ധിപ്പിക്കണം. ഇതിനാവശ്യമായ പദ്ധതികള്‍ വേണം. വനനശീകരണം, കൃഷിയിടങ്ങളില്‍ വ്യാപകമായ മരംമുറി, ജനസംഖ്യയിലെ വര്‍ധന, വാഹനപ്പെരുപ്പം, അശാസ്ത്രീയമായ ഭൂവിനിയോഗം, പ്രകൃതിയെ മറന്നുള്ള നിര്‍മാണങ്ങള്‍ എന്നിവ വയനാട്ടില്‍ കാലാവസ്ഥാവ്യതിയാനത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്- അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ പരമ്പരാഗതമായ അറിവും ആധുനിക ഗവേഷണഫലങ്ങളും ഉപയോഗപ്പെടുത്തുന്ന കൃഷിരീതികളാണ് വയനാടിന് അഭികാമ്യമെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പി കെ അബ്ദുള്‍ അസീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസ്, കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറി ഷെരീഫ് പാലോളി എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ഒ വി സുരേഷ് സ്വാഗതവും ടി എം ജയിംസ് നന്ദിയും പറഞ്ഞു. സെമിനാറില്‍ തിരുവനന്തപുരം ഭൂമ ശാസ്ത്ര പഠനകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. ജി മോഹന്‍കുമാറും വിഷയം അവതരിപ്പിച്ചു. നബാര്‍ഡ് ഡിഡിഎം എന്‍ എസ് സജികുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി യു ദാസ് എന്നിവര്‍ പാനല്‍ അംഗങ്ങളായി. രമേശ് എഴുത്തച്ഛന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ സജീവ് നന്ദിയും പറഞ്ഞു. കാലാവസ്ഥ വ്യതിയാനം: സെസ്സ് പഠനം നടത്തും കല്‍പ്പറ്റ: വയനാട്ടില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ തിരുവനന്തപുരം ഭൗമശാസ്ത്ര പഠനകേന്ദ്രം സംവിധാനമൊരുക്കാമെന്ന് കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജി മോഹന്‍കുമാര്‍ പറഞ്ഞു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലയിലെ മഴക്കുറവും കൃഷിക്കുണ്ടാക്കുന്ന പ്രത്യാഘാതവും പഠന വിധേയമാക്കേണ്ടതാണ്. ഇതിലൂടെ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന പ്രയാസങ്ങളെ നേരിടാനുള്ള മാര്‍ഗങ്ങളും കണ്ടെത്താനാകും- അദ്ദേഹം പറഞ്ഞു.

Monday, November 19, 2012

കെ ജയചന്ദ്രന്‍ സ്മാരക മാധ്യമ പുരസ്‌കാരം പി ആര്‍ സരിന്

കല്‍പ്പറ്റ: വയനാട് പ്രസ്സ്‌ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന കെ ജയചന്ദ്രന്റെ സ്മരണയ്ക്ക് വയനാട് പ്രസ്സ്‌ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം ഇന്ത്യാവിഷന്‍ കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി ആര്‍ സരിന്. കൈരളി ടിവിയിലെ ആര്‍ കെ ജയപ്രകാശിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരവും നല്‍കും. 22ന് പകല്‍ രണ്ടിന് വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ എം റോയ് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒ കെ ജോണി, ആര്‍ സുഭാഷ്, വി ഇ ബാലകൃഷ്ണന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹമായ എന്‍ട്രി തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തെ രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന അനധികൃത മരുന്നു പരീക്ഷണത്തെക്കുറിച്ച് തയ്യാറാക്കിയ 'ഗിനിപ്പന്നികളുടെ നാട്' എന്ന സ്‌റ്റോറിയാണ് പി ആര്‍ സരിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 5555 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൈരളി ടിവിയില്‍ സംപ്രേക്ഷണംചെയ്ത 'പണ്ട് പണ്ട് കാട്ടില്‍ ഒരു മുത്തശ്ശിയുണ്ടായിരുന്നു' എന്ന സ്‌റ്റോറിക്കാണ് ആര്‍ കെ ജയപ്രകാശിന് പ്രത്യേക പുരസ്‌കാരം. വ്യാഴാഴ്ച പകല്‍ രണ്ടിന് നടക്കുന്ന ചടങ്ങില്‍ 'റിപ്പോര്‍ട്ടിങ്ങിലെ ധാര്‍മികത' എന്ന വിഷയത്തില്‍ കെ ജയചന്ദ്രന്‍ സ്മാരക പ്രഭാഷണം കെ എം റോയ് നിര്‍വഹിക്കുമെന്നും പ്രസ്സ്‌ക്ലബ് പ്രസിഡന്റ് പി കെ അബ്ദുള്‍ അസീസ്, വൈസ്പ്രസിഡന്റ് വി ആര്‍ രാകേഷ് നായര്‍, സെക്രട്ടറി ഒ വി സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.